ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കി വിജയിപ്പിച്ചാല്‍ കര്‍ണാടകയിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം ധനസഹായം നല്‍കുമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നല്‍കുന്ന നാലാമത്തെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമാണിത്. മേയ് മാസത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവിന്‍റെ നേതൃത്വത്തില്‍ ബെലഗാവിയില്‍ വച്ച് സംഘടിപ്പിച്ച യുവകാന്തി സമവേശ എന്ന സമ്മേളനത്തിലായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപനം.
10 കിലോ അരി മുതല്‍ വൈദ്യുതി വരെ സൗജന്യം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി എം പി, കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാര്‍, എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എം ബി പാട്ടീല്‍, ആര്‍ വി ദേശ്‌പാണ്ഡെ തുടങ്ങിയ നേതാക്കളും സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ഓരോ കുടുംബത്തിനും 2000 രൂപ, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, ഒരു വീടിന് 10 കിലോ അരി തുടങ്ങിയവ ഇതിനോടകം തന്നെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
യുവ നിധി സ്‌കീം എന്ന യുവജന ക്ഷേമ പദ്ധതിയിലൂടെയാണ് പാര്‍ട്ടി തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ വേതനം പ്രഖ്യാപിച്ചത്. തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് രണ്ട് വര്‍ഷം എല്ലാ മാസവും 3,000 രൂപ വീതം ധനസഹായം നല്‍കുമെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉറപ്പ്. ഇതിന് പുറമെ, പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ തൊഴില്‍ രഹിതരായ ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് 1500 രൂപയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
വാഗ്‌ദാനങ്ങള്‍ നല്‍കി പാര്‍ട്ടി നേതാക്കള്‍: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കിയിരിക്കുകയാണ്. വോട്ടര്‍മാരെ ആകര്‍ഷിക്കുവാന്‍ നിരവധി വാഗ്‌ദാനങ്ങളാണ് ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും മുന്നോട്ട് വയ്‌ക്കുന്നത്. കോണ്‍ഗ്രസിന്‍റെ നാലാമത്തെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായ തൊഴില്‍രഹിത വേതനം എന്നത് പാര്‍ട്ടിയുടെ തുറുപ്പ് ചീട്ടായാണ് നേതാക്കള്‍ കാണുന്നത്.
തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ യുവാക്കള്‍ക്കിടയില്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം വര്‍ധിപ്പിക്കുമെന്നതാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തില്‍ ബിജെപി സര്‍ക്കാരിന്‍റെ അഴിമതിയും കോണ്‍ഗ്രസ് ആയുധമാക്കിയിട്ടുണ്ട്. ബിജെപി എംഎല്‍എ മാടല്‍ വിരുപാക്ഷപ്പയുടെ മകന്‍ മാടല്‍ പ്രശാന്ത് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ പിടിയിലായതും അദ്ദേഹത്തിന്‍റെ വസതിയില്‍ നിന്ന് ഏഴ് കോടി രൂപ കണ്ടെടുത്തതും തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായിരിക്കുകയാണ്.
ഇതേതുടര്‍ന്ന് ബിജെപി സര്‍ക്കാരിനെ '40 ശതമാനം കമ്മിഷന്‍ സര്‍ക്കാര്‍' എന്നാണ് കോണ്‍ഗ്രസ് അഭിസംബോധന ചെയ്യുന്നത്. ബിജെപി പാര്‍ട്ടി കളങ്കപ്പെട്ട നേതാക്കളെ സംരക്ഷിക്കുകയാണെന്ന് യുവക്രാന്തി സമവേശ സമ്മേളനത്തില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണകക്ഷിയോടുള്ള ജനങ്ങളുടെ വിദ്വേഷം ഭാരത് ജോഡോ യാത്രയിലൂടെ പ്രകടമായതായി അദ്ദേഹം പറഞ്ഞു.
also read: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കിക്ക് സ്‌റ്റാർട്ട്: രാഹുൽ ഗാന്ധി ഇന്ന് കർണാടകയിൽ