പനാജി: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യസംരക്ഷണ സംവിധാനം തകർന്നുകൊണ്ടിരിക്കുന്നുവെന്ന് ഗോവപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഗിരീഷ് ചോഡങ്കർ ആരോപിച്ചു. ഗോവയിൽ കൊവിഡ് രോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ചോഡങ്കർ സർക്കാരിനെതിരെ ആരോപണമുന്നയിച്ചത്.
സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് രോഗികൾ വർധിച്ചുവരുന്നു. അതുകൊണ്ട് തന്നെ ആശുപത്രികൾ അവയുടെ ശേഷിക്ക് അപ്പുറം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കിടക്കകളുടെ ദൗർലഭ്യം മൂലം രോഗികളെ തറയിലും സ്ട്രെച്ചറുകളിലും മറ്റും കിടത്തി ചികിത്സിക്കുന്ന സാഹചര്യമാണ്. ഈ അവസരത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രോഗികൾക്കായി ചിതയൊരുക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. മുഴുവൻ സംവിധാനവും തകർന്നിരിക്കുന്ന ഈ സാഹചര്യത്തിലും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാഷ്ട്രീയം കളിക്കുകയാണെന്നും ചോഡങ്കർ കൂട്ടിച്ചേർത്തു.