ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ തിടുക്കപ്പെട്ട് നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. ഭരണഘടനയേയും ഉടമ്പടികളെയും കീറി മുറിച്ചുകൊണ്ട് ഒരു കൂടിയാലോചനകളും കൂടാതെയാണ് മോദി മിക്ക നിയമനങ്ങളും നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എഐസിസിയുടെ മാധ്യമ - പബ്ലിസിറ്റി ചുമതലയുള്ള പവൻ ഖേര ട്വിറ്ററിലൂടെയാണ് മോദിക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.
'പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം അതിവേഗ നീക്കത്തിലൂടെയാണ് നടന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിൽ പുതുതായി ഒന്നും തന്നെയില്ല. മിസ്റ്റർ മോദിയുടെ മിക്കവാറും എല്ലാ നിയമനങ്ങളും തീരുമാനങ്ങളും ഒരു കൂടിയാലോചനയും കൂടാതെ ഉടമ്പടികളും ഭരണ ഘടനയും കീറിമുറിച്ചുകൊണ്ടുള്ളതാണ്' - പവൻ ഖേര ട്വിറ്ററിൽ കുറിച്ചു.
നേരത്തെ പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിക്കാനുള്ള അതിവേഗ നീക്കത്തെ ചോദ്യം ചെയ്‌തുകൊണ്ട് സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഗോയലിന്‍റെ നിയമന ഫയല്‍ ഭരണഘടനാബഞ്ചിന് മുന്‍പാകെ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ വിമര്‍ശനം.
അരുണ്‍ ഗോയലിന്‍റെ നിയമനം സംബന്ധിച്ച വിഷയത്തില്‍ അദ്ദേഹത്തിന്‍റെ യോഗ്യതയല്ല, മറിച്ച് നിയമനത്തിന്‍റെ പ്രക്രിയയാണ് സംശയമുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടന ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഗോയലിന്‍റെ നിയമനം തിടുക്കത്തിലായിരുന്നുവെന്നും കോടതി പറഞ്ഞു.
1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒറ്റ ദിവസം കൊണ്ട് സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയും അദ്ദേഹത്തിന്‍റെ ഫയൽ നിയമ മന്ത്രാലയം ഒറ്റ ദിവസം കൊണ്ട് പരിശോധിക്കുകയും ചെയ്‌തു. അന്ന് തന്നെ നാല് പേരടങ്ങുന്ന പാനല്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയും 24 മണിക്കൂറിനുള്ളില്‍ അരുണ്‍ ഗോയലിന്‍റെ പേര് രാഷ്‌ട്രപതി അംഗീകരിക്കുകയും ചെയ്‌തതായും കോടതി നിരീക്ഷിച്ചിരുന്നു.
ALSO READ:തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചത് തിടുക്കപ്പെട്ട്; നിയമന ഫയലുകള്‍ പരിശോധിച്ച് സുപ്രീം കോടതി
അതേസമയം ഗോയലിന്‍റെ യോഗ്യതയാണ് പ്രധാനമെന്നും സ്വമേധയാ വിരമിക്കുന്നതിലല്ല കാര്യമെന്നും അറ്റോര്‍ണി ജനറല്‍ ആർ വെങ്കിട്ടരമണി പ്രതികരിച്ചു. നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്‌നങ്ങളും പരിശോധിക്കാതെ നിരീക്ഷണങ്ങൾ നടത്തരുതെന്നും ആർ വെങ്കിട്ടരമണി കോടതിയോട് ആവശ്യപ്പെട്ടു. കൂടാതെ കോടതിയോട് വിഷയം പൂർണമായി പരിശോധിക്കാനും അദ്ദേഹം അഭ്യർഥിച്ചു.