ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് (Congress about Sonia Gandhi Ayodhya Ram temple Inauguration Invitation). രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ. ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാനായി ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്‍റെ ഉന്നതതല പ്രതിനിധികൾ സോണിയ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണക്കത്ത് നേരിട്ട് നൽകിയിരുന്നു (Ayodhya Ram temple Opening Ceremony Invite).
ഉചിതമായ സമയത്ത് വിഷയത്തിൽ തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്. പ്രതിഷ്‌ഠ ചടങ്ങിലേക്ക് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ അയോധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, സീതാറാം യെച്ചൂരി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചു. എന്നാല്‍, ചടങ്ങിന് പോകുന്നില്ലെന്നാണ് പ്രതിപക്ഷ പാളയത്തിൽ നിന്ന് പലരും പ്രതികരിച്ചത് (Opposition Participation On Ayodhya Ceremony).
സോണിയ ഗാന്ധി ക്ഷണം സ്വീകരിച്ചെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് നേരത്തെ അറിയിച്ചിരുന്നു (Sonia Gandhi Ayodhya). എന്നാൽ, രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സിപിഎം ഉണ്ടാകില്ലെന്നാണ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത് (CPM Ayodhya). രാഷ്ട്രീയവും മതവും വേർതിരിച്ച് കാണണമെന്നും അകലം പാലിക്കണമെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കിയിരുന്നു.
ഇവ തമ്മില്‍ കലർത്തുന്നത് ആർഎസ്എസ് അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഒരു ആശയമോ അജണ്ടയോ മുന്നോട്ട് കൊണ്ടുപോകാനുള്ള രാഷ്ട്രീയ ആയുധമോ ഉപകരണമോ ആയി മതത്തെ ഉപയോഗിക്കുമ്പോൾ അതിന് ബഹുമാനം നഷ്‌ടപ്പെടുമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തിരുന്നു.