ന്യൂഡൽഹി: മഹാ വികാസ് അഘാഡി ഇന്ത്യൻ സഖ്യത്തിനുള്ളിൽ മാറ്റമില്ലാതെ തുടരും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭിന്നതകൾക്കിടയിലും സീറ്റ് പങ്കിടൽ ഫോർമുല തയ്യാറാക്കുമെന്നും കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു (Lok Sabha Seat Sharing).
'സഖ്യത്തിനുള്ളിൽ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട ധാരണകൾ വ്യത്യസ്‌തമാണ്, മൂന്ന് പാർട്ടികൾ ഒരു ഗ്രൂപ്പിന്‍റെ ഭാഗമാകുമ്പോൾ അത് സ്വാഭാവികമാണ്. എന്നാൽ മഹാ വികാസ് അഘാഡി 2019 മുതൽ ഒരുമിച്ചാണ്, ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ ഞങ്ങൾ ഒന്നായതിനാൽ ലോക്‌സഭാ സീറ്റ് വിഭജനത്തെക്കുറിച്ചുള്ള എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കില്‍രമ്യമായി പരിഹരിക്കപ്പെടും, മഹാരാഷ്‌ട്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആഷിഷ് ദുവ ഇടിവി ഭാരതിനോട് പറഞ്ഞു.
മഹാരാഷ്‌ട്രയിലെ ആകെയുള്ള 48 പാർലമെന്‍റ് സീറ്റുകള്‍ ആർക്കൊക്കെ ലഭിക്കുമെന്ന് ചർച്ച ചെയ്യാൻ ദേശീയ തലസ്ഥാനത്ത് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാക്കളും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധികളുമായി കോൺഗ്രസ് ദേശീയ സഖ്യ പാനൽ കൂടിക്കാഴ്‌ച നടത്തുന്ന ദിവസത്തിലായിരുന്നു കോൺഗ്രസ് നേതാവിന്‍റെ പരാമർശം.
2019 നും 2014 നും ഇടയിലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്കിടയിലെ രാഷ്‌ട്രീയ സമവാക്യങ്ങളിൽ വന്ന മാറ്റം ചൂണ്ടിക്കാട്ടി കോൺഗ്രസ് കടുത്ത വിലപേശലുകൾ നടത്തുമെന്നാണ് പാർട്ടിയിലെ അണിയറപ്രവർത്തകർ പറയുന്നത്. 2019 ൽ കോൺഗ്രസും എൻസിപിയും ദേശീയ തെരഞ്ഞെടുപ്പിൽ ഒരുമിച്ചാണ് മത്സരിച്ചത്. ധാരണയുടെ ഭാഗമായി കോൺഗ്രസ് 25 സീറ്റിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ.
എൻസിപി 19 സീറ്റിൽ മത്സരിച്ചെങ്കിലും 4 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. എൻസിപി ക്വാട്ടയിൽ നിന്ന് ചെറിയ പാർട്ടികളായ ക്ഷേത്കാരി സംഘടനയ്ക്കും മറ്റുള്ളവയ്ക്കും കുറച്ച് സീറ്റുകൾ വിട്ടുകൊടുത്തിരുന്നു. അന്ന് ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു ശിവസേന. ധാരണ പ്രകാരം ബിജെപി 25 സീറ്റിൽ മത്സരിച്ച് 23 സീറ്റുകളിലും സേന 23 സീറ്റുകളില്‍ മത്സരിച്ച് 18 സീറ്റുകളിലും വിജയിച്ചിരുന്നു.
ദേശീയ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സേനയും ഒരുമിച്ച് മത്സരിച്ചിരുന്നുവെങ്കിലും പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഗുരുതരമായ ഭിന്നത ഇരു പാർട്ടികൾക്കിടയിലും ഉയർന്നു. തൽഫലമായി, ബിജെപിയുമായുള്ള സഖ്യം തകർക്കാൻ സേന തീരുമാനിക്കുകയും എൻസിപിയും കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്‌തു.
മഹാ വികാസ് അഘാഡി എന്ന് പേരിട്ടിരിക്കുന്ന സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ശിവസേനയുടെ ഉദ്ധവ് താക്കറെ അധികാരമേറ്റു. കുറച്ച് വർഷങ്ങൾക്ക് ശേഷം, എംവിഎ സർക്കാരിനെ ബിജെപി താഴെ വീഴ്ത്തി, ഇത് സേനയിൽ പിളർപ്പുണ്ടാക്കുകയും പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ സേന വിമതനായ ഏകനാഥ് ഷിൻഡെയെ പിന്തുണക്കുകയും ചെയ്‌തു.
പിന്നീട്, പാർട്ടിയുടെ യഥാർത്ഥ ചിഹ്നം നിലനിർത്താൻ ഷിൻഡെ വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയും ശിവസേന യുബിടി എന്നറിയപ്പെടുന്ന ഉദ്ധവ് താക്കറെ വിഭാഗത്തിന് പുതിയ ചിഹ്നം അനുവദിക്കുകയും ചെയ്‌തു.
2019 ൽ അവിഭക്ത പാർട്ടി മത്സരിച്ച 23 സീറ്റുകളാണ് സേന യുബിടിയും ആവശ്യപ്പെടുന്നത്, എന്നാൽ പിളർപ്പിന് ശേഷം പ്രാദേശിക പാർട്ടിയിലെ 18 എംപിമാരിൽ 13 പേരും വിമത ഷിൻഡെ ഗ്രൂപ്പിനൊപ്പം ചേര്‍ന്നത് ഉദ്ധവ് വിഭാഗത്തെ ദുർബലപ്പെടുത്തി. അതുപോലെ, സംസ്ഥാനത്ത് എൻസിപിയും ദുർബലമായിരിക്കുകയാണെന്ന് കോൺഗ്രസ് അണികൾ പറഞ്ഞു.