ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍റെ (എല്‍ഐസി) പ്രഥമ ഓഹരി വില്‍പന (ഐപിഒ) നാളെ (04.05.22) മുതല്‍ നടക്കാനിരിക്കെ മൂല്യം കുറച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. 30 കോടി വരുന്ന പോളിസി ഹോള്‍ഡര്‍മാരുടെ വിശ്വാസം തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാർ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
ഓഹരികള്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വില, എറിഞ്ഞുകൊടുക്കുന്നത് പോലെയാണെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി. 2022 ഫെബ്രുവരി വരെ 12 മുതല്‍ 14 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന എല്‍ഐസി വെറും രണ്ട് മാസം കൊണ്ടാണ് ആറ് ലക്ഷം കോടിയിലേക്ക് കൂപ്പുകുത്തിയത്. എല്‍ഐസിയില്‍ കേന്ദ്ര സര്‍ക്കാരിനുള്ള അഞ്ച് ശതമാനം ഓഹരി വില്‍ക്കാനുള്ള തീരുമാനം 3.5 ശതമാനമായി പിന്നീട് വെട്ടിക്കുറച്ചു. ഇതിന്‍റെ കാരണം സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സുര്‍ജേവാല ആരോപിച്ചു.
അഞ്ച് ശതമാനം ഓഹരി വില്‍പനയിലൂടെ 70,000 കോടി രൂപ വരെ സമാഹരിക്കാമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ വെട്ടിച്ചുരുക്കലിലൂടെ സമാഹരിക്കുന്ന തുക 21,000 കോടിയായി. റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തിലും സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും എന്തിനാണ് സര്‍ക്കാര്‍ എല്‍ഐസി ഓഹരികള്‍ വില്‍ക്കാന്‍ തിടുക്കം കാണിക്കുന്നത്. ഫെബ്രുവരിയില്‍ പ്രഥമ ഓഹരി വില്‍പന നടത്താന്‍ തീരുമാനിക്കുമ്പോള്‍ എംബഡഡ് മൂല്യത്തിന്‍റെ 2.5 മടങ്ങായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 1.1 മടങ്ങ് മാത്രമാണ്.
എച്ച്ഡിഎഫ്‌സി, എസ്‌ബിഐ, ഐസിഐസി ലൈഫ് ഇന്‍ഷറന്‍സുകള്‍ 3.5 മടങ്ങ് എംബഡഡ് മൂല്യത്തില്‍ നില്‍ക്കുമ്പോഴാണ് എല്‍ഐസിയുടെ ഈ അവസ്ഥ. ഒരു ഓഹരിക്ക് 2022 ജനുവരി-ഫെബ്രുവരി വരെ 1100 രൂപ വരെ ഉണ്ടായിരുന്നത് നിലവില്‍ 902 രൂപ മുതല്‍ 949 വരെയാണ്. മൂല്യം ഇത്രയും തകരുന്നത് കൊണ്ട് 30,000 കോടി വരെയാകും നഷ്ടമുണ്ടാവുയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രഥമ ഓഹരി വില്‍പന മെയ് നാലിന് ആരംഭിച്ച് ഒന്‍പത് വരെ നീണ്ടുനില്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ ഐപിഒ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തിലാണ് മാറ്റിയത്.