ഭോപ്പാൽ : സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് വർധിക്കുമ്പോള്‍ സർക്കാർ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് കോണ്‍ഗ്രസ്. ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
കാണാതായ കുട്ടികളെ രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ മുസ്‌കാൻ എന്ന പേരില്‍ പ്രത്യേക പദ്ധതികള്‍ പൊലീസ് ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ കാണാതായ 5721 കുട്ടികളെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല.
also read :യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിൽ
ഇതില്‍ 4,576 പേർ പെൺകുട്ടികളാണ്. ഏതാനും കുട്ടികളെ തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്താനായത് മാത്രമാണ് ആകെയുള്ള നേട്ടം. പിന്നാലെയാണ് കോണ്‍ഗ്രസ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കുട്ടികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് അതിഭീകരമായ അവസ്ഥയാണെന്നും അടിയന്തര നടപടിവേണമെന്നും കോണ്‍ഗ്രസ് വക്താവ് അജയ് യാദവ് പറഞ്ഞു. അതേസമയം വിഷയത്തില്‍ ഉടൻ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഭോപ്പാൽ എംപി സാധ്വി പ്രജ്ഞ താക്കൂറിന്‍റെ പ്രതികരണം.