ഗാന്ധിനഗർ: രാജ്യത്താഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റില്‍ ജീവനും സ്വത്തും നഷ്‌ടമായവർക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കാൻ തയാറാകണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി ശക്തി സിങ് ഗോഹില്‍. ഗുജറാത്തിലെ തീരദേശമേഖലയിലുള്ളവർക്കും ചെറുകിട വ്യവസായികൾക്കും കര്‍ഷകര്‍ക്കും വലിയ നാശനഷ്‌ടങ്ങളാണ് ടൗട്ടെ വരുത്തിവച്ചത്. വൈദ്യുതിയും മൊബൈൽ കണക്റ്റിവിറ്റിയും തകരാറിലായതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരുടെ അവസ്ഥ പുറത്ത് അറിയാത്തതാണെന്നും, സ്ഥലം സന്ദർശിച്ചാല്‍ അവരുടെ അവസ്ഥ മനസിലാകുമെന്നും ഗോഹിൽ പറഞ്ഞു.
കൊവിഡ് പ്രതിസന്ധി നിലനിന്നിരുന്നതിനാല്‍ കഴിഞ്ഞ തവണ വിളവിറക്കാൻ സാധിച്ചില്ല. ഇത്തവണ ഇറക്കിയതാകട്ടെ ചുഴലിക്കാറ്റ് നശിപ്പിച്ചു. സൗരാഷ്ട്ര മേഖലയിലെ മാമ്പഴ വിളവെടുപ്പ് സമയത്ത് ആഞ്ഞടിച്ച കാറ്റ് വൻ നഷ്‌ടമാണ് കര്‍ഷകര്‍ക്ക് വരുത്തിവച്ചത്. മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗവും വീടും നഷ്ടപ്പെട്ടു. ഗുജറാത്ത് സ്വദേശിയായ പ്രധാനമന്ത്രിക്ക് ഈ വിഷയത്തില്‍ ഇടപെടണമെന്നും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകണമെന്നും ഞാൻ അഭ്യർഥിക്കുന്നതായി ഗോഹില്‍ പറഞ്ഞു.