കേരളം

kerala

ETV Bharat / bharat

സഭ നടപടികള്‍ ചിത്രീകരിച്ചതിന് കോണ്‍ഗ്രസ് എംപി രജനി പാട്ടിലിന് സസ്‌പെന്‍ഷന്‍; സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് രജനി - രജനി പാട്ടിലിന് സസ്‌പെന്‍ഷന്‍

രാജ്യസഭയ്‌ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് രജനി പാട്ടീലിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഭരണപക്ഷം ആരോപിച്ചു

Cong MP Rajani Patil suspended for video graphing House proceedings  കോണ്‍ഗ്രസ് എംപി രജനി പാട്ടിലിന് സസ്‌പെന്‍ഷന്‍  രാജ്യസഭ  ജഗ്‌ദീപ് ധന്‍കര്‍  രാജ്യസഭയില്‍ വിഡിയോ ചിത്രീകരണം  member suspended for video graphing proceeding  Rajya Sabha news  രജനി പാട്ടിലിന് സസ്‌പെന്‍ഷന്‍  രാജ്യസഭ വാര്‍ത്തകള്‍
രാജ്യസഭ

By

Published : Feb 10, 2023, 9:55 PM IST

ന്യൂഡല്‍ഹി:സഭാനടപടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് കോണ്‍ഗ്രസ് രാജ്യസഭ എംപി രജനി പാട്ടിലിനെ സഭ അധ്യക്ഷന്‍ ജഗ്‌ദീപ് ധന്‍കര്‍ സസ്‌പെന്‍ഡ് ചെയ്‌തു. നിലവിലെ ബജറ്റ് സമ്മേളനം കഴിയുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. ദൃശ്യങ്ങള്‍ പകര്‍ത്തി എന്നുള്ളത് പരിശോധിക്കണമെന്ന് സഭ അധ്യക്ഷനോട് രാജ്യസഭ നേതാവ് പിയൂഷ്‌ ഗോയല്‍ ആവശ്യപ്പെട്ടിരുന്നു.

പ്രവര്‍ത്തി അച്ചടക്കരാഹിത്യമായി കണക്കാക്കണം. സഭയ്‌ക്ക് അവമതിപ്പ് ഉണ്ടാക്കിയ അംഗത്തിനെതിരെ നടപടികള്‍ എടുക്കണം. സഭയിലെ മുതിര്‍ന്ന അംഗങ്ങളെ അനധികൃതമായ രീതിയില്‍ വീഡിയോയില്‍ പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തു. ഇത് അംഗത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ അപമര്യാദയായ പ്രവര്‍ത്തിയാണ്. ഈ പ്രവര്‍ത്തി നടത്തിയ അംഗത്തെ അധ്യക്ഷന്‍ പേരെടുത്ത് പരാമര്‍ശിക്കണം.

എംപിമാര്‍ ഈ വിഷയത്തില്‍ പരാതികള്‍ തന്നതാണ്. അവര്‍ ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടു. അംഗത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഈ അപമര്യാദയായ പെരുമാറ്റം സഭ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് എന്നും പിയൂഷ്‌ ഗോയല്‍ പറഞ്ഞു.

നടപടി പ്രിവിലേജ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ്: സംഭവം വിശദമായി പരിശോധിച്ചതിന് ശേഷം നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞത്. പ്രിവിലേജ് കമ്മറ്റിയുടെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം അധ്യക്ഷന് അംഗത്തിനെതിരെ നടപടിയോ അല്ലെങ്കില്‍ മുന്നറിയിപ്പോ നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതിനിടയിലുണ്ടായ ബഹളം പകര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് രാജ്യസഭ അധ്യക്ഷന്‍ സൂചന നല്‍കിയിരുന്നു. സഭയിലെ പാര്‍ട്ടി നേതാക്കളോട് ഇത് സംബന്ധിച്ചുള്ള തങ്ങളുടെ അഭിപ്രായവും സഭ അധ്യക്ഷന്‍ ആരാഞ്ഞു. കോണ്‍ഗ്രസ് എംപിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം രാജ്യസഭ അംഗീകരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ പ്രിവിലേജ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്നെയാണ് നടപടിയുണ്ടായിരിക്കുന്നത്

സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് രജനി പാട്ടില്‍:തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി ന്യായമായിരുന്നില്ല എന്ന് കോണ്‍ഗ്രസ് എംപി രജനി പാട്ടില്‍ പറഞ്ഞു. താന്‍ അറിഞ്ഞ് കൊണ്ടല്ല ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തി നടത്തിയത്. താന്‍ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത്. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. തന്നെ കരുതി കൂട്ടി അവഹേളിക്കുകയാണ് ചെയ്‌തതെന്നും രജനി പാട്ടില്‍ പ്രതികരിച്ചു.

എന്നാല്‍ സ്‌മൃതി ഇറാനി രജനി പാട്ടിലിനെതിരെ രംഗത്ത് വന്നു. നിയമ നിര്‍മാതാക്കള്‍ തന്നെ നിയമം ലംഘിക്കുന്ന സാഹചര്യം ജനങ്ങള്‍ അംഗീകരിക്കില്ല. നിയമനിര്‍മാണ സഭയില്‍ ഉള്ളവര്‍ നിയമം പാലിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പുരുഷന്‍ നിയമം ലംഘിച്ചാല്‍ അയാള്‍ ശിക്ഷിക്കപ്പെടും. സ്‌ത്രീ നിയമം ലംഘിച്ചാല്‍ ശിക്ഷിക്കപ്പെടേണ്ട എന്നാണോ അഭിപ്രായം. ഇങ്ങനെ പറയുകയാണെങ്കില്‍ അത് ലിംഗനീതിയുടെ ദുരുപയോഗമാണ്.

അപമാനിക്കുന്ന രീതിയിലാണ് രജനി പാട്ടിലിനെ സസ്‌പെന്‍ഡ് ചെയ്‌തത് എന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍ പറഞ്ഞു. എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ഉണ്ടായാല്‍ അത് പ്രിവിലേജ് കമ്മറ്റിക്ക് വിടുകയും ആരോപണവിധേയയായ വ്യക്തിക്ക് പറയാനുള്ളത് കേള്‍ക്കുകയും വേണമെന്നും ജയ ബച്ചന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details