ബെംഗ്ലുരൂ: കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത കേസില്‍ കര്‍ണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ ഇന്ന് രാജി കത്ത് നല്‍കും. വൈകിട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കാണ് കത്ത് നല്‍കുക. രാജി കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും ഈശ്വരപ്പയെ അറസ്റ്റു ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ അറിയിച്ചു.
കരാറുകാരന്‍റെ മരണത്തില്‍ പങ്കില്ലെന്നും ധാര്‍മ്മികത കണക്കിലെടുത്ത് തത്കാലത്തേക്ക് മാറിനില്‍ക്കുന്നുവെന്നും പറഞ്ഞാണ് കര്‍ണാടക ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ രാജിപ്രഖ്യാപനം നടത്തി. ബിജെപി കേന്ദ്രനേതൃത്വം കെ.എസ്.ഈശ്വരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന.
സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയ്ക്ക് കാരണമാകുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സന്തോഷിന്‍റെ ബന്ധുക്കളും കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും. കമ്മീഷന്‍ മാഫിയയ്‌ക്കെതിരെ കര്‍ണാടകയിലെ സംയുക്ത കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മെയ് 25ന് സംസ്ഥാനവ്യാപകമായി റാലി നടത്തും.