ന്യൂഡൽഹി: ഹരിയാനയിലെ കർണാലിൽ കർഷക പ്രതിഷേധത്തിനെതിരായ ലാത്തിച്ചാർജില്‍ സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. സംഭവം ഇന്ത്യയെ നാണം കെടുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരുടെ രക്തം ഒരിക്കൽ കൂടി വീണിരിക്കുന്നു. ലജ്ജയാല്‍ ഇന്ത്യയുടെ തല കുനിയുന്നുവെന്നും രാഹുല്‍ ഹിന്ദിയിൽ ട്വീറ്റ് ചെയ്‌തു.
ലാത്തിച്ചാർജിന് ശേഷം ചോരയിൽ കുതിർന്ന വസ്ത്രങ്ങളുള്ള കർഷകന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചാണ് കോണ്‍ഗ്രസ് നേതാവ് ഇക്കാര്യമുന്നയിച്ചത്. ഹരിയാന ഭരിക്കുന്ന ബി.ജെ.പി, ജെ.ജെ.പി സര്‍ക്കാര്‍ ജനറൽ ഡയർ സർക്കാറായി മാറിയെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. കർഷകരെ മര്‍ദിക്കാന്‍ പൊലീസുകാരോട് നിർദേശിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.