ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടി വക്താവ് രൺദീപ് സുർജേവാല ഉൾപ്പെടെയുള്ള അഞ്ച് മുതിർന്ന പാർട്ടി നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെയും സമാനനീക്കമുണ്ടായതായി കോൺഗ്രസ് ആരോപണം.
കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല, എഐസിസി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ അജയ് മാക്കൻ, ലോക്‌സഭയിലെ പാർട്ടി വിപ്പ് മാണിക്കം ടാഗോർ, മുൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്, മഹിള കോൺഗ്രസ് പ്രസിഡന്‍റ് സുസ്‌മിത ദേവ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടിയതായി പാർട്ടി ആരോപിച്ചു.
വെർച്വൽ പ്ലാറ്റ്‌ഫോമുകളിലെ വിലക്ക് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് കോൺഗ്രസ്
ട്വിറ്റർ പോലുള്ള വെർച്വൽ പ്ലാറ്റ്‌ഫോമുകളിലെ വിലക്ക് ഇന്ത്യയ്ക്ക് വേണ്ടി പോരാടുന്നതിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാമെന്ന നരേന്ദ്രമോദിയുടെ വിചാരം നടക്കില്ല. കേന്ദ്ര സർക്കാരിന്‍റെ സമ്മർദത്തെ തുടര്‍ന്നാണ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട്, ട്വിറ്റർ മരവിപ്പിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഡൽഹിയിൽ ബലാത്സഗം ചെയ്യപ്പെട്ട ഒൻപത് വയസ്സുകാരിയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തതിന്‍റെ പേരിലാണ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയത്.
More Read:രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താത്‌കാലികമായി മരവിപ്പിച്ചുവെന്ന് കോൺഗ്രസ്; നിഷേധിച്ച് ട്വിറ്റർ
രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ബാലാവകാശ സംരക്ഷണ ദേശീയ സമിതിയുടെ (എൻസിപിസിആർ) ശ്രദ്ധയിൽ വരികയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യത ലംഘിച്ചതിന്‍റെ പേരിൽ അക്കൗണ്ടിനെതിരെ നടപടി എടുക്കാൻ ട്വിറ്ററിനോട് നിർദേശിക്കുകയുമായിരുന്നു.