ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ഡിജെ ഹള്ളി, കെജി ഹള്ളി കലാപങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 115 പ്രതികൾക്ക് കർണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികളുടെ അന്വേഷണ കാലയളവ് വിചാരണക്കോടതിയുടെ അറിയിപ്പില്ലാതെ നീട്ടിയിരുന്നു. ഇതിനെതിരെ ജാമ്യം ആവശ്യപ്പെട്ട് മുജാമിൽ ഉൾപ്പെടെ 115 ഓളം പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
115 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
തങ്ങളെ അറിയിക്കാതെ അന്വേഷണം പൂർത്തിയാക്കാൻ വിചാരണ കോടതി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) 90 ദിവസം കൂടി സമയം നൽകി. ഇത് നിയമവിരുദ്ധമാണ്. അന്വേഷണത്തിന്‍രെ അന്തിമ റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ എൻഐഎ സമർപ്പിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പ്രതികളെ അറിയിക്കാതെ അന്വേഷണ കാലയളവ് നീട്ടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ വിളിക്കുമ്പോഴെല്ലാം കോടതിയിൽ ഹാജരാകാനും അന്വേഷണത്തിനോട് സഹരിക്കാനും രണ്ട് ലക്ഷം രൂപയുടെ ആൾജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.
READ MORE:ബെംഗളൂരു കലാപ കേസിൽ 17 പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്‌തു
കോണ്‍ഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ അനന്തിരവൻ നവീനിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഈ വർഷം ആഗസ്റ്റ് 11നാണ് ഡിജെ ഹള്ളി, കെജി ഹള്ളി പ്രദേശങ്ങളിൽ എംഎൽഎയുടെ വീടിന് നേരെയും പൊലീസ് സ്റ്റേഷനുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും 60 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.