ന്യൂഡൽഹി: സുപ്രീം കോടതിയെ ദുരുപയോഗം ചെയ്‌ത് അഴിമതി നടത്തുന്നു എന്നാരോപിച്ച് സുപ്രീം കോടതി ജസ്റ്റിസിനും മകനുമെതിരെ പരാതി നൽകി അഭിഭാഷകൻ. സുപ്രീം കോടതിയുടെയും ഹൈക്കോടതി ലിറ്റിഗന്‍റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും (എസ്‌സിഎച്ച്‌സിഎൽഎ) പ്രസിഡന്‍റ് ആർ കെ പത്താനാണ് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സെൻട്രൽ വിജിലൻസ് കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയത്. അതേസമയം ആരോപണ വിധേയനായ ജസ്റ്റിസ് ആരാണെന്ന കാര്യത്തിൽ വ്യക്‌തതയില്ല.
ആരോപണ വിധേയനായ ജസ്റ്റിസ് തന്‍റെ മകൻ അഭിഭാഷകനായി ജോലി ചെയ്യുന്ന കമ്പനിക്ക് ആനുകൂല്യം നൽകുന്നതിന് തന്‍റെ ഓഫിസ് ദുരുപയോഗം ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ ജനങ്ങൾ കൊവിഡ് വാക്‌സിൻ എടുക്കണമെന്ന് നിർദേശിച്ച ഉത്തരവിലൂടെ വാക്‌സിൻ- ഫാർമ കമ്പനികൾക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം നേടിക്കൊടുത്തുവെന്നും ജസ്റ്റിസ് പരാതിയിൽ ഉന്നയിക്കുന്നു.
ജസ്റ്റിസിന്‍റെ മകൻ ഉൾപ്പെട്ട ഒരു കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് അദ്ദേഹം വിട്ടുനിന്നുവെങ്കിലും കക്ഷിക്ക് അനുകൂലമായ ഉത്തരവാണ് നൽകിയത്. അടിയന്തരമായി ഉത്തരവുകൾ പാസാക്കുന്നതിലും മകന്‍റെ കക്ഷിയെ അനുകൂലിക്കുന്നതിലൂടെയും സിറ്റിങ് ജഡ്‌ജിയുടെ നീതിന്യായ വഞ്ചനയാണ് തെളിയിക്കുന്നത്. അദ്ദേഹത്തിന്‍റെ എല്ലാ ജുഡീഷ്യൽ പ്രവൃത്തികളും പിൻവലിക്കാൻ ഇത് മതിയായ കാരണമാണെന്നും പരാതിയിൽ പറയുന്നു.