ചെന്നൈ: ഗവർണർ ബൻവാരിലാൽ പുരോഹിതിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെ തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ചെപ്പോക്കിലെ കലൈവാണർ അരങ്ങത്തിൽ സമ്മേളനം ആരംഭിച്ചു. ഡിഎംകെ അധികാരത്തിലെത്തിയതിന് ശേഷം നടക്കുന്ന ആദ്യ നയപ്രഖ്യാപനമാണിത്.
സംസ്ഥാനത്തിന്‍റെ സമ്പൂർണ വികസനത്തിന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഗവർണർ ബൻവാരിലാൽ പുരോഹിത് നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്രവുമായി നല്ല ബന്ധം പുലർത്തുമെന്നും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ എല്ലാ സഹായവും നൽകുമെന്നും പുരോഹിത് നിയമസഭയിൽ പറഞ്ഞു.
Also Read:വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കും ; അമിത് ഷാ
ദ്രാവിഡ പ്രസ്ഥാനത്തിന്‍റെ മൂല്യങ്ങൾ കൃത്യമായി തിരിച്ചറിയുന്നവരാണ് പുതുതായി തെരഞ്ഞെടുത്ത സർക്കാർ. അതിനാൽ സാമൂഹിക നീതി, ലിംഗസമത്വം, സാമ്പത്തിക സമത്വം, എല്ലാവർക്കും സംവരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയുള്ള പുരോഗതി, സാമൂഹിക പരിഷ്കാരങ്ങൾ എന്നീ മൂല്യങ്ങളാണ് ഡിഎംകെ സർക്കാരിന്‍റെ ഗുണങ്ങളെന്നും പുരോഹിത് പറഞ്ഞു.
ഈ മൂല്യങ്ങൾ അവരുടെ ഓരോ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുമെന്നും പുരോഹിത് നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. നാല് ദിവസത്തിൽ കൂടുതൽ നീളുന്ന സമ്മേളനത്തിന് സാധ്യത കുറവാണ്. അടുത്ത മാസമായിരിക്കും ബജറ്റ് സമ്മേളനം.