ന്യൂഡല്‍ഹി :19 കിലോ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 135 രൂപയോളമാണ് പൊതുമേഖല എണ്ണകമ്പനികള്‍ കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചിട്ടില്ല. ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില 2223.50രൂപയാണ് . 2,357.50 രൂപയില്‍ നിന്നാണ് 2,223.50രൂപയായി കുറഞ്ഞത്. കഴിഞ്ഞ മെയില്‍ 103 രൂപയും ഏപ്രിലില്‍ 250 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ 2,219 രൂപയും, കൊല്‍ക്കത്തയില്‍ 2,322 രൂപയും, മുംബൈയില്‍ 2,171.50 രൂപയും, ചെന്നൈയില്‍ 2,373 രൂപയുമാണ് പുതുക്കിയ വില.
രാജ്യത്തിന് അസംസ്‌കൃത എണ്ണ സംസ്‌കരിക്കുന്നതില്‍ വലിയ ശേഷിയുണ്ടെങ്കിലും ഇന്ത്യ ആഭ്യന്തരമായ ആവശ്യകത നിറവേറ്റുന്ന തരത്തില്‍ എല്‍പിജി ഉത്പാദിപ്പിക്കുന്നില്ല. അസംസ്‌കൃത എണ്ണയില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന ഉത്പന്നങ്ങളില്‍ ഒന്നാണ് എല്‍പിജി. മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ജാമ്‌നഗര്‍ റിഫൈനറിയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാല. 1.24 ദശലക്ഷം ബാരല്‍ ക്രൂഡ്ഓയില്‍ ഒരു ദിവസം സംസ്‌കരിക്കാനുള്ള ശേഷി ഈ പ്ലാന്‍റിനുണ്ട്.
ഇവിടെ ആവശ്യത്തിന് സംസ്‌കരിച്ചെടുക്കാതെ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായും എല്‍പിജി ഇറക്കുമതി ചെയ്യുന്നത്. യുപി അടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നിരവധി തവണ പെട്രോളിനും ഡീസലിനും എല്‍പിജിക്കും പൊതുമേഖല എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നു. സൗദിയില്‍ നിന്നുള്ള എല്‍പിജിയുടെ വില 33 ശതമാനം വര്‍ധിച്ചപ്പോള്‍ രാജ്യത്ത് 11ശതമാനം മാത്രമേ കൂട്ടിയിട്ടുള്ളൂവെന്നാണ് പൊതുമേഖല എണ്ണ കമ്പനികള്‍ വ്യക്തമാക്കിയത്.