ഭോപ്പാൽ: അറസ്‌റ്റിലായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ശനിയാഴ്‌ച രാത്രിയോടെയാണ് മുനവർ ഫാറൂഖി ജയിൽ മോചിതനായത്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് മുനവര്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിൻവാതിലിലൂടെയാണ് മുനവർ ഫാറൂഖിയെ ജയിൽ അധികൃതർ പുറത്തേക്ക് വിട്ടത്.
സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി
സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ശനിയാഴ്‌ച രാത്രിയോടെയാണ് മുനവർ ഫാറൂഖി ജയിൽ മോചിതനായത്
പ്രയാഗ്‌രാജ് കോടതിയിൽ നിന്നോ അല്ലെങ്കിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നോ ഉള്ള ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ഫാറൂഖിയെ മോചിപ്പിക്കാൻ പറ്റൂ എന്ന് ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ജനുവരി 28 ന് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച സുപ്രീം കോടതിയാണ് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് പ്രയാഗ്‌രാജ് കോടതി ഫാറൂഖിക്കെതിരെ പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറന്‍റും സ്‌റ്റേ ചെയ്തു. ഫാറൂഖിയുടെ അഭിഭാഷകൻ സുപ്രീം കോടതി ഉത്തരവിന്‍റെ പകർപ്പ് പ്രാദേശിക കോടതിയിൽ സമർപ്പിക്കുകയും 50,000 രൂപയുടെ ബോണ്ടിലും അതേ അളവിലുള്ള സുരക്ഷയിലും വിട്ടയക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
ഒരു കഫേയിൽ വച്ച് നടത്തിയ കോമഡി ഷോയുമായി ബന്ധപ്പെട്ട് പ്രാദേശിക ബി.ജെ.പി എം.എൽ.എ മാലിനി ലക്ഷ്മൺ സിംഗ് ഗൗഡയുടെ മകൻ ഏകലവ്യ സിംഗ് ഗൗഡയുടെ പരാതി പ്രകാരമാണ് ഫാറൂഖിയെ അറസ്റ്റ് ചെയ്തത്. ഐപിസി 295-എ,269 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.