ഹൈദരാബാദ് : കൊവിഡ് നിയന്ത്രണങ്ങൾ നീക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനിരിക്കെ ഹൈദരാബാദിലെ സർവകലാശാലകളിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാര്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പ് ശക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കഴിഞ്ഞ ശനിയാഴ്‌ച സർക്കാർ പൂർണമായും നീക്കിയിരുന്നു. ജൂലൈ 1 മുതൽ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു.
മാസങ്ങള്‍ക്ക് ശേഷം ക്യാമ്പസുകളിലെക്കെത്തുന്ന എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായാണ് വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിച്ചിരിക്കുന്നത്. എൻഎസ്‌എസിന്‍റെയും (നാഷണൽ സർവീസ് സ്കീം) സ്വകാര്യ ആശുപത്രിയുടെയും സംയുക്ത പരിശ്രമത്തിലൂടെ, അറോറ ഡിഗ്രി, പിജി കോളജ്, ഹൈദരാബാദ് മെത്തഡിസ്റ്റ് കോളജ് എന്നിവിടങ്ങളിൽ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു.