ജൗൻപൂർ : വിദ്യാർഥിനിയോട് അശ്ലീലച്ചുവയോടെ ഫോണിൽ സംസാരിച്ച പ്രൊഫസർക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ പൂർവാഞ്ചൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ടിഡി കോളജിലാണ് സംഭവം. ബി.എഡ്, ടെറ്റ് പരീക്ഷകളിൽ മികച്ച മാർക്ക് ലഭിച്ചതിന് പകരമായി പെൺകുട്ടിയോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പ്രൊഫസർ ആവശ്യപ്പെടുന്ന കോൾ റെക്കോഡുകൾ വിദ്യാർഥിനി പുറത്തുവിടുകയായിരുന്നു.
കുറ്റാരോപിതനായ പ്രൊഫസർക്കെതിരെ കോളജ് വിദ്യാർഥികൾ വെള്ളിയാഴ്‌ച പ്രിൻസിപ്പാളിന്‍റെ ഓഫിസിൽ പ്രതിഷേധം നടത്തി. പ്രൊഫസർക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. എന്നാൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കുറ്റാരോപിതനായ പ്രൊഫസർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നും പ്രൊഫസർക്കെതിരെയുള്ള കുറ്റം തെളിഞ്ഞാൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ അലോക് കുമാർ സിങ് അറിയിച്ചു. സംഭവത്തിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ലൈൻ ബസാർ പൊലീസ് ടിഡി കോളജ് കാമ്പസിൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥിനിയോട് മോശമായി പെരുമാറിയ അധ്യാപകന് മർദനം :2021 സെപ്റ്റംബറിൽ ഗുണ്ടൂർ ജില്ലയിലെ വട്ടിചെറുക്കുരു ഗ്രാമത്തിൽ 12 വയസുകാരിയോട് മോശമായി പെരുമാറിയ അധ്യാപകനെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ മർദിച്ചിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കളും സംഘവുമാണ് ഹിന്ദി അധ്യാപകനായ രവിബാബു (58) മർദിച്ചത്. സ്‌കൂളിലെത്തിയായിരുന്നു മർദനം.
തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് അധ്യാപകനെതിരെ കേസ് എടുത്തു. പോക്‌സോ ഉൾപ്പെടെയുള്ള നിയമങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. സ്‌കൂളിൽ വച്ചാണ് അധ്യാപകൻ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. പെണ്‍കുട്ടി കുതറിയോടാൻ ശ്രമിച്ചു. എന്നാൽ, ഇയാൾ ബലമായി പിടിച്ചുവച്ച് ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് സംഭവം കുട്ടി പറയുന്നത്.