ചെന്നൈ:മാര്‍ച്ച് 8 ലോകമെമ്പാടുമുള്ള സ്‌ത്രീകള്‍ വനിത ദിന ആഘോഷത്തിന്‍റെ തിരക്കിലായിരുന്നു. അത്തരത്തില്‍ ജനശ്രദ്ധ നേടിയിട്ടുള്ള തമിഴ്‌നാട് പുതുക്കോട്ടയില്‍ നിന്നുള്ള ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ പ്രചരിച്ചg കൊണ്ടിരിക്കുന്നത്. പുതുക്കോട്ട ജില്ല കലക്‌ടര്‍ കവിത രാമുവിന്‍റെ ഡാന്‍സാണ് വൈറലാകുന്നത്.
കലക്‌ടറേറ്റിലെ വനിത ജീവനക്കാര്‍ക്കൊപ്പം കോളിവുഡ് സൂപ്പര്‍ താരം വിജയ്‌യുടെ സിനിമയിലെ ഹിറ്റ് പാട്ടായ 'രഞ്ജിതമേ' എന്ന ഗാനത്തിനാണ് കലക്‌ടര്‍ ചുവടു വച്ചത്. കലക്‌ടറുടെയും സംഘത്തിന്‍റെ നൃത്തം കലക്‌ടറേറ്റിലെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും ഹരം കൊള്ളിച്ചു. കലയ്‌ക്ക് എപ്പോഴും കൂടുതല്‍ പ്രധാന്യം നല്‍കുന്ന വ്യക്തി കൂടിയാണ് കലക്‌ടര്‍ കവിത രാമു.
കലക്‌ടറുടെ ഡാന്‍സ് വൈറലാകുന്നത് രണ്ടാം തവണ: തമിഴ്‌നാട്ടില്‍ നിന്ന് കലക്‌ടര്‍ കവിത രാമുവിന്‍റെ ഡാന്‍സാണ് വൈറലാകുന്നതെങ്കില്‍ കേരളത്തിന് ഇത് പുത്തരിയല്ല. ഇതിന് മുമ്പേ കേരളത്തിലെ കലക്‌ടര്‍മാര്‍ പൊളിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ടയിലെയും തലശേരിയിലെയുമെല്ലാം കലക്‌ടര്‍മാര്‍. പത്തനംതിട്ട ജില്ല കലക്‌ടര്‍ ദിവ്യ. എസ് അയ്യര്‍ എം ജി സര്‍വകലാശാല കലോത്സവത്തിന്‍റെ ഭാഗമായി നടന്ന ഫ്ലാഷ് മോബിലാണ് വിദ്യാര്‍ഥികളുടെ കൂടെ ഡാന്‍സ് കളിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായതായിരുന്നു കലക്‌ടര്‍ ദിവ്യ എസ് അയ്യരുടെ ഡാന്‍സ്. കലോത്സവത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി വിവിധ കോളജുകളില്‍ കതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ ഫ്ലാഷ് മോബിലായിരുന്നു കലക്‌ടര്‍ ചുവടുവച്ചത്. വിദ്യാര്‍ഥികള്‍ ഡാന്‍സ് കളിച്ച് കൊണ്ടിരിക്കെ കലോത്സവത്തിന്‍റെ വൈദ്യുത അലങ്കാരം ഉദ്ഘാടനം ചെയ്യാനായി സ്ഥലത്തെത്തിയ കലക്‌ടറെ വിദ്യാര്‍ഥികള്‍ മാടി വിളിച്ചതോടെ മറിച്ചൊന്നും ചിന്തിക്കാതെ അവര്‍ക്കൊപ്പം ചേരുകയായിരുന്നു.