കോയമ്പത്തൂർ (തമിഴ്‌നാട്): സ്വിഗ്ഗി ഡെലിവറി ജീവനക്കാരനെ നടുറോഡില്‍ വച്ച് മര്‍ദിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍. കോയമ്പത്തൂരിലെ അവിനാശി റോഡില്‍ വച്ചാണ് സംഭവം. സ്വിഗ്ഗി ഡെലിവറി ജീവനക്കാരനായ മോഹനസുന്ദരത്തെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചത്.
സ്വിഗ്ഗി ഡെലിവറി ജീവനക്കാരനെ നടുറോഡില്‍ ട്രാഫിക് പൊലീസ് മര്‍ദിക്കുന്നതിന്‍റെ ദൃശ്യം വെള്ളിയാഴ്‌ച വൈകിട്ട് അവിനാശി റോഡില്‍ വച്ച് സ്വകാര്യ സ്‌കൂള്‍ ബസ് ഒരു പെണ്‍കുട്ടിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയിരുന്നു. തുടര്‍ന്ന് ഡെലിവറിക്കായി അതുവഴി പോകുകയായിരുന്ന മോഹനസുന്ദരന്‍ ബസിന്‍റെ പിന്നാലെ പോയി വാഹനം നിര്‍ത്തിച്ച് ഇത് ചോദ്യം ചെയ്‌തു. ഇതിനിടെ റോഡില്‍ ചെറിയ ഗതാഗത കുരുക്കുണ്ടായി.
തുടര്‍ന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ മോഹനസുന്ദരത്തിന്‍റെ അടുത്തെത്തി യുവാവിന്‍റെ മുഖത്ത് രണ്ട് തവണ അടിക്കുകയായിരുന്നു. മോഹനസുന്ദരത്തിന്‍റെ മൊബൈല്‍ ഫോണും, ഹെഡ്‌ഫോണും, വാഹനത്തിന്‍റെ താക്കോലും പൊലീസ് ഉദ്യോഗസ്ഥന്‍ പിടിച്ചുവാങ്ങി. റോഡിന്‍റെ എതിര്‍വശത്ത് ഉണ്ടായിരുന്ന ഒരാളാണ് പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിനെ മര്‍ദിക്കുന്ന ദൃശ്യം പകര്‍ത്തിയത്.
യുവാവിന്‍റെ പരാതിയില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. സിംഗനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സതീഷ് എന്നയാള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇയാളെ നഗരത്തിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലം മാറ്റി. സ്വകാര്യ സ്‌കൂള്‍ ബസ് ഉടമയെ അറിയാമോയെന്നും എന്തെങ്കിലും ഗതാഗത പ്രശ്‌നമുണ്ടെങ്കില്‍ അത് പൊലീസ് നോക്കിക്കോളുമെന്നും ഉദ്യോഗസ്ഥന്‍ യുവാവിനോട് പറഞ്ഞതായും പരാതിയിലുണ്ട്.
Also read: കാർ നിർത്താനാവശ്യപ്പെട്ടത് ഇഷ്‌ടപ്പെട്ടില്ല ; ട്രാഫിക് കോൺസ്റ്റബിളിനെ ആക്രമിച്ച് ഡ്രൈവർ