കോയമ്പത്തൂര്‍:ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പാലക്കാട് ഉള്‍പ്പെടെ നാല്‍പതിലധികം സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തി കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, തിരുവള്ളൂര്‍, തിരുപ്പൂര്‍, നീലഗിരി, ചെങ്കല്‍പട്ട്, കാഞ്ചിപുരം, നാഗപട്ടണം എന്നീ ജില്ലകളിലെ വിവിധയിടങ്ങളിലും പാലക്കാട്ടിലെ ഒരിടത്തുമാണ് തെരച്ചില്‍ നടത്തിയതെന്ന് എന്‍ഐഎ അറിയിച്ചു.
തെരച്ചിലില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍ഐഎ വക്താവ് കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബര്‍ 23 പുലര്‍ച്ചെയാണ് കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം കാറില്‍ കൊണ്ടുപോകുകയായിരുന്ന സ്‌ഫോടക വസ്‌തുക്കള്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം നടക്കുന്നത്.
ഐഎസ് ഭീകര സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തി ഒരു പ്രത്യേക മതവിശ്വാസത്തിന്‍റെ ചിഹ്നങ്ങൾക്കും സ്‌മാരകങ്ങൾക്കും നാശം വരുത്താനായി പ്രതി ജമേഷ മുബീന്‍ നടത്തിയ ചാവേറാക്രമണമാണിതെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ കോയമ്പത്തൂരിലെ ഉക്കടം പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഒക്‌ടോബർ 27ന് എൻഐഎ വീണ്ടും രജിസ്‌റ്റർ ചെയ്യുകയായിരുന്നു.