അമരാവതി : സംക്രാന്തിയോടനുബന്ധിച്ച് ആന്ധ്രാപ്രദേശില്‍ വിവിധ ഇടങ്ങളില്‍ വിലക്കുലംഘിച്ച് കോഴിപ്പോര്. കാക്കിനഡ, കൊണസീമ, കിഴക്കൻ ഗോദാവരി, പശ്ചിമ ഗോദാവരി, ഏലൂർ ജില്ലകളിലാണ് പ്രധാനമായും കോഴിപ്പോര് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാക്കൾ വലിയ പ്രചാരണമാണ് മത്സരത്തിനായി നല്‍കുന്നത്.
സ്ഥലത്തെത്തുന്ന പൊലീസിനെതിരെ കടുത്ത രോഷത്തോടെ കയര്‍ക്കുകയാണ് നേതാക്കളും നാട്ടുകാരും. അമലാപുരം മണ്ഡലത്തിൽ വണ്ണേചിന്തപുടിയിലെ ജഗനന്ന ലേഔട്ടിലാണ് ഭരണകക്ഷി നേതാക്കൾ കോഴിപ്പോർ വളയം ഒരുക്കിയിരിക്കുന്നത്. കിഴക്കൻ ഗോദാവരി ജില്ലയിലെ അനപർത്തിയിലേയും ഗോകവരത്തെയും എംഎൽഎമാർ തമ്മിലും കോഴിപ്പോര് മത്സരം നടത്തിയിരുന്നു.
നോട്ടെണ്ണാൻ യന്ത്രങ്ങൾ വരെ : അതാത് വേദികളിൽ ലക്ഷങ്ങൾ എറിഞ്ഞാണ് മത്സരങ്ങൾ നടക്കുന്നത്. പശ്ചിമ ഗോദാവരി ജില്ലയിൽ നോട്ടെണ്ണൽ യന്ത്രങ്ങൾ വഴിയാണ് വാതുവെപ്പ് പണമിടപാടുകൾ നടത്തുന്നത്. വെള്ളിയാഴ്‌ച വരെ കബഡി മത്സരം നടന്ന ഭീമാവാരം മണ്ഡലത്തിലെ ഇടവും പിന്നീട് കോഴിപ്പോരിന് വേദിയായി.
വാതുവെപ്പിൽ മറിയുന്നത് കോടികൾ : നിടമറു, സീസാലി, ദേഗാപുരം എന്നിവിടങ്ങളിൽ ഡിജിറ്റൽ സ്‌ക്രീനുകളിൽ മത്സരം കാണാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പന്തയത്തിന് 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപവരെയാണ് മുടക്കുന്നത്. ഒരു കോടി രൂപ വരെയൊക്കെ ഓരോ കളിയിലും മാറിമറിയുന്നു. ബുട്ടായഗുഡെം മണ്ഡലത്തിലെ ദുഡ്ഡുകൂരിൽ ആദിവാസികളുടെ പരമ്പരാഗത കോഴിപ്പോര് മത്സരങ്ങൾക്ക് എംഎൽഎ തെല്ലാം ബാലരാജുവാണ് തുടക്കമിട്ടത്.