അമരാവതി (ആന്ധ്രപ്രദേശ്) : സംക്രാന്തി ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ആന്ധ്രപ്രദേശില്‍ ഇത്തവണയും കോഴിപ്പോരും അതിനോട് അനുബന്ധിച്ച വാതുവയ്‌പ്പും സജീവം (Cockfighting and gabbling in AP on Sankranti). തീരദേശ ജില്ലകളിലെ ഗ്രാമങ്ങളിലാണ് താത്‌കാലിക മൈതാനങ്ങളില്‍ കോഴിപ്പോര് നടക്കുന്നത്. കോഴിപ്പോരിനാവശ്യമായ സജ്ജീകരണത്തില്‍ ഭരണകക്ഷിയുടെ നേതാക്കള്‍ കൂടി ഇറങ്ങിയതോടെ, ഹൈക്കോടതി വിലക്കുണ്ടായിട്ടും പൊലീസ് നോക്കുകുത്തികളാകുന്നു എന്നാണ് ആക്ഷേപം.
കൃഷ്‌ണ ജില്ലയിലെ ഗണ്ണവാരം മണ്ഡലത്തില്‍ അമ്പാപുരത്ത് ദേശീയപാതയ്‌ക്ക് സമീപം സംഘടിപ്പിച്ച കോഴിപ്പോര് ശ്രദ്ധേയമാണ് (Cockfighting and gabbling in AP). മുഖ്യമന്ത്രി ജഗന്‍റെയും വൈഎസ്‌ആര്‍സിപിയുടെ പതാകയുടെയും ചിത്രങ്ങള്‍ അടങ്ങിയ ബാനറുകളാണ് ഇവിടെ കോഴിപ്പോര് കേന്ദ്രത്തിലെത്തുമ്പോള്‍ കാണാനാകുക. വല്ലഭനേനി വംശി എംഎല്‍എയുടെയും അനുയായികളുടെയും നേതൃത്വത്തിലാണ് ഇവിടെ കോഴിപ്പോരിനുള്ള കളം ഒരുക്കിയത് എന്നാണ് സൂചന. വൈഎസ്‌ആര്‍സിപി നേതാവായ എംഎല്‍എയ്‌ക്ക് വാതുവയ്‌പ്പ് പരിപാടി മാനേജര്‍ ചിക്കോട്ടി പ്രവീണുമായി ബന്ധമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരുമാസം മുന്‍പാണ് ഇരുവരും ഒന്നിച്ചതെന്നും പറയപ്പെടുന്നു. ഭരണകക്ഷിയുടെ നേതാവായതിനാല്‍ അമ്പാപുരത്തെ കോഴിപ്പോരില്‍ പൊലീസ് ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.
ആദ്യദിനം മാത്രം അമ്പാപുരത്ത് 15 കോടി രൂപയോളം കോഴിപ്പോരില്‍ നിന്ന് നേടിയതായാണ് കണക്ക്. കോഴിപ്പോരിനെത്തുന്നവര്‍ക്ക് ഭക്ഷണവും മദ്യവും നല്‍കിയുള്ള സത്‌കാരവും മേഖലയില്‍ നടക്കുന്നുണ്ട്. 5 ലക്ഷം നിക്ഷേപിച്ച റൗണ്ടില്‍ നിന്ന് സംഘാടകര്‍ കൊയ്‌തത് 15 ലക്ഷം വരെയാണ്.