കോട്ട (രാജസ്ഥാൻ):ട്രെയിനിൽ വച്ച് യാത്രക്കാരന്റെ 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പണവും കവർന്ന് കോച്ച് അറ്റൻഡർമാർ. തേജസ് രാജധാനി എക്സ്പ്രസിൽ വച്ചാണ് സംഭവം. ഡൽഹി സ്വദേശിയായ ലോഹിത് രേഗറിന്റെ (32) 33.50 ലക്ഷം രൂപ വിലമതിക്കുന്ന 540 ഗ്രാം സ്വർണവും 36.50 ലക്ഷം രൂപയുമാണ് കോച്ച് അറ്റൻഡർമാർ തട്ടിയെടുത്തത് (Coach attendants robbed train passenger of 70 lakhs gold and cash Rajdhani train).
ഡൽഹിക്കും മുംബൈയ്ക്കുമിടയിൽ സർവീസ് നടത്തുന്ന തേജസ് രാജധാനി എക്സ്പ്രസിൽ ഡിസംബർ 12 നാണ് സംഭവം നടന്നതെന്ന് ലോഹിത് രേഗർ പരാതിയിൽ പറയുന്നു. വികാസ് സർദാനയുടെ സ്വർണാഭരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് ലോഹിത് രേഗർ. ജോലി ആവശ്യാർഥം ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് ട്രെയിൻ മാർഗം കോച്ച് നമ്പർ ബി 5യിൽ യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം.
ഇതിനിടെ ആർപിഎഫിന്റെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും പരിശോധനകൾ ചൂണ്ടിക്കാട്ടി ലോഹിത് രേഗറിനോട് ആഭരണങ്ങളും പണവും നൽകാൻ കോച്ച് അറ്റൻഡർമാർ ആവശ്യപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങളും മറ്റും പുതുക്കി പണിയുന്നതിനായാണ് പണവും സ്വർണവുമായി ലോഹിത് മുംബൈയിലേക്ക് യാത്ര തിരിച്ചത്.
രാജധാനി ട്രെയിനിൽ കയറുമ്പോൾ, തന്റെ കോച്ചും B6 കോച്ചും പരിചരിക്കുകയായിരുന്ന രണ്ട് കോച്ച് അറ്റൻഡന്റുമാരെ ബന്ധപ്പെട്ടിരുന്നെന്ന് ലോഹിത് രേഗർ പറയുന്നു. ടിക്കറ്റ് സ്ഥിരീകരിക്കാത്തതിനാൽ അദ്ദേഹം ബി 5 ലെ കോച്ച് അറ്റൻഡന്റുമായി സീറ്റ് പങ്കിടുകയായിരുന്നു. ഇതിനിടെ ഡ്യൂട്ടിയിലുള്ള ടിക്കറ്റ് ഇൻസ്പെക്ടർ ലോഹിത്തിന് 5,300 രൂപ പിഴ ചുമത്തുകയും യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തു.