ഹൈദരാബാദ്:ഹംഗറിയിലെ ബുഡാപെസ്‌റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ (World Athletics Championship) നീരജ് ചോപ്ര (Neeraj Chopra) സ്വര്‍ണ മെഡല്‍ എറിഞ്ഞിട്ടപ്പോള്‍, അദ്ദേഹത്തെക്കാള്‍ സന്തോഷിച്ചത് 43 കാരനായ കാശിനാഥ് നായിക്കായിരുന്നു (Kashinath Naik). കാരണം രാജ്യത്ത് ആ നേട്ടം കൈവരിക്കുന്ന നീരജിനെ പരിശീലിപ്പിച്ചത് പൂനെ ആസ്ഥാനമായുള്ള പ്രശസ്‌തമായ ആർമി സ്‌പോർട്‌സ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ കോച്ചായ കാശിനാഥ് നായികായിരുന്നു.
വലിയ നേട്ടങ്ങള്‍ തന്‍റേതാക്കി മാറ്റുന്ന പ്രിയ ശിഷ്യന്‍റെ ആത്മവിശ്വാസത്തിന്‍റെ അളവും വിജയമന്ത്രങ്ങളും ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് 2013 മുതല്‍ 2018 ലെ ഏഷ്യന്‍ ഗെയിംസിന് മുമ്പ് വരെ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്‍റെ പരിശീലകന്‍ കൂടിയായിരുന്ന അദ്ദേഹം.
ശിഷ്യനെക്കുറിച്ച് വാചാലനായി: 2015 മുതൽ നീരജിനെ പരിശീലിപ്പിക്കുന്ന കാശിനാഥിന്, പരിശീലിപ്പിക്കുന്നു എന്നതിനെക്കാള്‍ അവനോടൊപ്പം പ്രവര്‍ത്തിക്കുന്നു എന്നുപറയാനാണ് ഇഷ്‌ടം. കാരണം അവന്‍ എത്തിപ്പിടിക്കുന്ന ഓരോ വിജയങ്ങളും അവന്‍റെ ആത്മവിശ്വാസം ഒന്നുകൊണ്ടാണെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ട് ഈ ഗുരു. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലത്തില്‍ തൃപ്‌തിപ്പെട്ടത് മുതല്‍ ലോക ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടണമെന്ന് നീരജ് ആഗ്രഹിച്ചിരുന്നതായി കാശിനാഥ് നായിക് പറഞ്ഞു. കാരണം അവന് സ്വന്തമാക്കാന്‍ അത് മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ.
പോളണ്ടിൽ നടന്ന ജൂനിയർ ലോക ചാമ്പ്യൻഷിപ്പില്‍ നീരജ് വിജയിച്ചിരുന്നു. തുടര്‍ന്ന് 2018 ലെ കോമൺവെൽത്ത് ഗെയിംസ്, 2018-ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസ്, 2020-ലെ ടോക്കിയോ ഒളിമ്പിക്‌സ്, ഡയമണ്ട് ലീഗ് എന്നിവയില്‍ ചാമ്പ്യനുമായി. ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ മാത്രമായിരുന്നു അവന് എത്തിപ്പിടിക്കാനാവാതിരുന്നത്. അതുകൊണ്ടുതന്നെ അവന്‍ അതിനായി സ്വപ്‌നം കണ്ടു. ഒടുവില്‍ ഇതാ ആ സ്വപ്‌നം സാക്ഷാത്‌കരിക്കുകയും ചെയ്‌തുവെന്ന് കാശിനാഥ് നായിക് പറഞ്ഞു. പാരിസിലായി നടക്കാനിരിക്കുന്ന അടുത്ത ഒളിമ്പിക്‌സില്‍ നീരജ് ഇനിയും നേട്ടങ്ങള്‍ കൊയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ജാവലിന്‍ ത്രോയില്‍ 15 തവണ ദേശീയ ചാമ്പ്യന്‍ കൂടിയായ കാശിനാഥ് നായിക് ആത്മവിശ്വാസം പങ്കുവച്ചു.