ന്യൂഡല്‍ഹി: രാജ്യത്ത് സിഎന്‍ജി വിലയില്‍ വീണ്ടും വര്‍ധനവ്. പ്രകൃതിവാതക വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍) സിഎന്‍ജിക്ക് ഡല്‍ഹിയില്‍ മൂന്ന് രൂപ വര്‍ധിപ്പിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് സിഎന്‍ജിയുടെ വില 75.61 രൂപയില്‍ നിന്ന് 78.61 രൂപയായി.
നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഒരു കിലോ സിഎന്‍ജിക്ക് 81.17 രൂപയാണ്. നേരത്തെ ഇവിടങ്ങളില്‍ 78.17 രൂപയായിരുന്നു. ഗുരുഗ്രാമില്‍ ഒരു കിലോ സിഎന്‍ജിക്ക് 86.94 രൂപയായി. മുസാഫര്‍നഗര്‍, കാന്‍പുര്‍, കര്‍ണാല്‍, രേവാരി എന്നിവയാണ് സിഎന്‍ജിയുടെ വില 85 രൂപ കടന്ന മറ്റ് പ്രദേശങ്ങള്‍.
മുംബൈയില്‍ വിതരണം നടത്തുന്ന മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (എംജിഎല്‍) മൂന്ന് ദിവസം മുന്‍പ് സിഎന്‍ജിയുടെ വില കിലോയ്ക്ക് ആറ് രൂപയായി ഉയർത്തിയിരുന്നു. ഇതോടെ മുംബൈയിലും സമീപ പ്രദേശങ്ങളിലും സിഎന്‍ജിയുടെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. സിഎന്‍ജിക്ക് പുറമെ പിഎന്‍ജി വിലയിലും വര്‍ധനവുണ്ട്.