ന്യൂഡൽഹി: സംസ്ഥാനത്തും രാജ്യ തലസ്ഥാനത്തും സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പാർലമെന്‍റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ വച്ചായിരുന്നു സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം തേടി കൂടിക്കാഴ്‌ച നടന്നത്.
ഇരുവരും 20 മിനിറ്റോളം ചർച്ച നടത്തി. വിഷയത്തിൽ വൈകുന്നേരം നാല് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭ അംഗം ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു.
ALSO READ:നട്ടാശേരിയില്‍ മൂന്നാം ദിവസവും പ്രതിഷേധം: സമരത്തിൽ പങ്കെടുത്ത 175 പേർക്കെതിരെ കേസ്
പ്രതിഷേധം ശക്‌തമാകുന്നതിനിടെ കേന്ദ്രാനുമതി എത്രയും വേഗം നേടിയെടുക്കുന്നതിനായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. പദ്ധതിക്ക് അനുമതി തേടി കെ റെയില്‍ സമര്‍പ്പിച്ച ഡിപിആര്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയിലാണ്.
കേന്ദ്ര സര്‍ക്കാരിന്‍റെ തത്വത്തിലുള്ള അംഗീകാരം മാത്രമാണ് പദ്ധതിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനത്തിനുള്ള സര്‍വേയും കല്ലിടലും പല മേഖലകകളിലും പുരോഗമിക്കുന്നത്.