ബെംഗളൂരു : ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്‍റ് സികെ നാണു, സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിം എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കി എന്നാണ് പാര്‍ട്ടി വിശദീകരണം. ഇന്ന് (ഡിസംബര്‍ 9) ബെംഗളൂരുവിലെ ജെഡിഎസ് ഹെഡ് ഓഫിസില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം (JDS State President CM Ibrahim).
യോഗത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തിലാണ് ദേവഗൗഡ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വൈസ് പ്രസിഡന്‍റായ സികെ നാണു സമാന്തര യോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം സികെ നാണുവും സിഎം ഇബ്രാഹിമും ചേര്‍ന്ന് ബെംഗളൂരുവില്‍ ജെഡിഎസില്‍ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇത് പാര്‍ട്ടി ഭരണഘടനയ്‌ക്ക് എതിരാണെന്നും മാത്രമല്ല ഇത്തരമൊരു യോഗത്തിന് ദേശീയ നേതൃത്വത്തിന്‍റെ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎം ഇബ്രാഹിമിനെതിരെയും നടപടിയുണ്ടായത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് നേരത്തെയും സിഎം ഇബ്രാഹിമിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു (CM Ibrahim And CK Nanu expelled from JDS).
ദേവഗൗഡ പറഞ്ഞത് ഇങ്ങനെ:'ദേശീയ അധ്യക്ഷന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നാണു ബദല്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. അതുകൊണ്ട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നു. അതുപോലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതായി സിഎം ഇബ്രാഹിമിനെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. ഇത് വീണ്ടും തുടരുന്ന സാഹചര്യം കണക്കിലെടുത്ത് അദ്ദേഹത്തെയും പാര്‍ട്ടി പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ട്' (HD Deve Gowda).
കേരള ജെഡിഎസ് ഘടകം എല്‍ഡിഎഫിനൊപ്പം തുടരും. ഇക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. ഇന്ത്യന്‍ മുന്നണിയിലേക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് ഏതാനും ചില നിബന്ധനകള്‍ അദ്ദേഹം നിരത്തി. മാത്രമല്ല ഇന്ത്യന്‍ മുന്നണി സഖ്യത്തില്‍ നിന്നും തങ്ങളെ ഒഴിവാക്കുകയും ചെയ്‌തു. അത്തരം സാഹചര്യങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി താത്‌പര്യ പ്രകാരമാണ് ബിജെപിയുമായി സഖ്യമുണ്ടാക്കേണ്ടി വന്നതെന്നും ഗൗഡ പറഞ്ഞു.