ഇംഫാൽ : മണിപ്പൂരിൽ കുക്കി സമുദായത്തിലെ രണ്ട് സ്‌ത്രീകളെ ജനക്കൂട്ടം പീഡനത്തിന് ഇരയാക്കി പൊതുമധ്യത്തിൽ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ഒടുവിൽ സർക്കാർ ഇടപെടൽ. സംഭവത്തിന്‍റേതായി പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള കുറ്റവാളികൾക്ക് വധശിക്ഷ നൽകാനുള്ള സാധ്യത സർക്കാർ പരിഗണിക്കുകയാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് അറിയിച്ചു. സംഭവത്തിൽ ഇന്നലെ (19.07.23) രാത്രി 1.30 ഓടെ പ്രധാന പ്രതിയെ അറസ്‌റ്റ് ചെയ്‌തതായും മുഖ്യമന്ത്രി പറഞ്ഞു.
'സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് വേദനാജനകവും അനാദരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ്. വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെ പൊലീസ് നടപടി സ്വീകരിക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോൾ സമഗ്രമായ അന്വേഷണം നടക്കുകയാണ്.
എല്ലാ കുറ്റക്കാർക്കെതിരെയും വധശിക്ഷയുടെ സാധ്യത ഉൾപ്പെടെ കർശനമായ നടപടിയെടുക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും. ഇത്തരം ഹീന പ്രവൃത്തികൾക്ക് നമ്മുടെ സമൂഹത്തിൽ യാതൊരു സ്ഥാനവുമില്ല' -അദ്ദേഹം ട്വീറ്റ് ചെയ്‌തു. മണിപ്പൂർ സർക്കാരിനെതിരെയും പൊലീസിന്‍റെ നിഷ്‌ക്രിയത്വത്തിനെതിരെയും ജനരോഷം ആളിക്കത്തിച്ച അതിക്രൂരവും ദാരുണവുമായ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ബുധനാഴ്‌ച (19.7.23) മുതലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. മെയ് നാലിന് നടന്ന സംഭവത്തിന്‍റെതാണ് ദൃശ്യങ്ങൾ എന്നാണ് ലഭിക്കുന്ന വിവരം.
Also Read :Manipur violence| സ്‌ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; വീഡിയോ നീക്കം ചെയ്യണം, സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ
മണിപ്പൂരിൽ നിന്നുള്ള ദൃശ്യം :ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ സായുധരായ അക്രമികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി നോങ്‌പോക്ക് സെക്‌മായി പൊലീസ് കേസെടുത്തു. കാങ്‌പോക്‌പി ജില്ലയിൽ നിസഹായരായ രണ്ട് സ്‌ത്രീകളെ വിവസ്‌ത്രരാക്കി ഒരു കൂട്ടം പുരുഷന്മാർ റോഡിലൂടെ പിടിച്ച് വലിച്ച് നടത്തുന്നതും യുവതികൾ അവരോട് തങ്ങളെ വിട്ടയക്കണമെന്ന് കരഞ്ഞ് അഭ്യർഥിക്കുകയും ചെയ്യുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.
വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി :അതേസമയം മണിപ്പൂരിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ എടുത്ത് മാറ്റണമെന്ന് കേന്ദ്ര സർക്കാർ എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിഷ്‌ക്രിയത്വത്തെ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലാകാർജുൻ ഖാർഗെയും കുറ്റപ്പെടുത്തിയിരുന്നു. മണിപ്പൂരിൽ നടന്നത് അന്ത്യന്തം അലോരസപ്പെടുത്തുന്ന കാര്യമാണെന്ന് സുപ്രീം കോടതിയും വിമർശിച്ചു.
Also Read :Manipur Violence | സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്‌നരാക്കി നടത്തിച്ച സംഭവം : അടിയന്തര നടപടിക്ക് സുപ്രീം കോടതി നിര്‍ദേശം
വീഡിയോ ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി സർക്കാരിന് കുറച്ച് സമയം നൽകുന്നതായും തുടർന്നും നടപടി ഉണ്ടായില്ലെങ്കിൽ കോടതി നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.
Also Read :Manipur Violence | മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്‌ത് നഗ്‌നരാക്കി നടത്തിയെന്ന് ആരോപണം