ബെംഗളൂരു:കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് ഷിഗോൺ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും. നടൻ കിച്ച സുദീപിനൊപ്പം മുഖ്യമന്ത്രി ഇന്ന് നഗരത്തിൽ വലിയ റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, എംപി പ്രഹ്‌ലാദ് ജോഷി, മന്ത്രി ബിസി പാട്ടീൽ എന്നിവരും റോഡ് ഷോയിൽ പങ്കെടുക്കും.
നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് റോഡ് ഷോ സമാപിക്കുക. ഏപ്രിൽ 15 ശനിയാഴ്‌ച മുഖ്യമന്ത്രി പ്രതീകാത്മകമായി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. അന്നേ ദിവസം ശുഭദിനമായതിനാലാണ് പത്രിക സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷിഗോണിലെ കിട്ടൂർ റാണി ചെന്നമ്മ സർക്കിളിൽ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന തെരുവുകളിലൂടെ രണ്ട് കിലോമീറ്ററാണ് ശക്തിപ്രകടനമായി റോഡ് ഷോ ആസൂത്രണം ചെയ്‌തിരിക്കുന്നത്.
also read:ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ജഗദീഷ് ഷെട്ടാര്‍ ; കർണാടക മുൻ മുഖ്യമന്ത്രി കോൺഗ്രസിൽ
പ്രതീകാത്മകമായി നാമനിർദേശ പത്രിക സമർപ്പണം: ഏപ്രിൽ 15 ന് പ്രതീകാത്മകമായി ഷിഗോൺ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച ചടങ്ങിൽ എംപി ശിവകുമാർ ഉദാസി, മന്ത്രി സി സി പാട്ടീൽ കൂടാതെ ഷിഗോൺ മണ്ഡലത്തിലെ ബിജെപി നേതാക്കളും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ ജനപിന്തുണയുണ്ടെന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ബൊമ്മെ പറഞ്ഞു. മണ്ഡലത്തിലെ വികസനം കണ്ടറിഞ്ഞ ജനങ്ങൾ വലിയ പിന്തുണയാണ് നൽകിയതെന്നും ബൊമ്മെ കൂട്ടിച്ചേർത്തു.