ന്യൂഡൽഹി : ഉത്തർപ്രദേശിൽ തടങ്കലിൽ കഴിയുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കാണാനെത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലഖ്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞ് അധികൃതര്‍. ഇതേ തുടര്‍ന്ന് ബാഗേല്‍ വിമാനത്തവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
യാതൊരു ഉത്തരവുമില്ലാതെയാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കുന്നതിൽ നിന്ന് തന്നെ വിലക്കിയിരിക്കുന്നതെന്ന് ഭൂപേഷ് ബാഗേൽ ട്വീറ്റ് ചെയ്‌തു. പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ട ലംഖിംപുര്‍ ഖേരി സന്ദര്‍ശിക്കുമെന്ന് ബാഗേൽ നേരത്തെ അറിയിച്ചിരുന്നു.
ഇതേ തുടർന്ന് ഭൂപേഷ് ബാഗേലിനെയും പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്‌ജീന്ദർ എസ്.രണ്‍ധാവയെയും പുറത്തുകടക്കാൻ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാർ ലഖ്‌നൗ വിമാനത്താവള അധികൃതരോട് നിര്‍ദേശിക്കുകയായിരുന്നു.
ഹെലിപ്പാഡിലെ പ്രതിഷേധത്തിൽ നിന്ന് കർഷകർ പിരിഞ്ഞുപോകുന്നതിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്ര തേനി കാര്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് സംയുക്ത കിസാൻ മോർച്ച നേരത്തേ ആരോപിച്ചിരുന്നു.