ജയ്‌പൂര്‍ : രാജസ്ഥാനിൽ 19 പുതിയ ജില്ലകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. കൂടാതെ മൂന്ന് പുതിയ ഡിവിഷനുകള്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ നീക്കത്തോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 50 ആയി ഉയരും.
ഈ വര്‍ഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്‌ച സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ഗെലോട്ട് ഇക്കാര്യം അറിയിച്ചത്. ഉന്നതതല സമിതി നിർദേശങ്ങൾ പരിശോധിച്ച് അന്തിമ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിനെ തുടർന്നാണ് സര്‍ക്കാരിന്‍റെ ഈ തീരുമാനം.
വിമര്‍ശനവുമായി ബിജെപി :അതേസമയം, പുതിയ ജില്ലകള്‍ കൊണ്ടുവരാനുള്ള ഗെലോട്ട് സര്‍ക്കാരിന്‍റെ ശ്രമത്തെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ പുതിയ ജില്ലകള്‍ രൂപീകരിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ വസുന്ധര രാജ ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തെത്തി. വെറും രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണ് ഗെലോട്ട് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത്. സംസ്ഥാന ബജറ്റും സാമ്പത്തിക സ്ഥിതിയും ഈ പ്രഖ്യാപനത്തിലൂടെ അവതാളത്തിലാവുമെന്നും അവര്‍ ആരോപിച്ചു.
ജലസേചന പദ്ധതികള്‍ക്ക് 37 കോടി :പുതിയ ജില്ലകൾക്ക് പുറമെ, സംസ്ഥാനത്തെ ജലസേചന പദ്ധതികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കനാലുകളിലും അണക്കെട്ടുകളിലും വെള്ളം പാഴാകുന്നത് തടയാനും സര്‍ക്കാര്‍ 37 കോടി അനുവദിച്ചു. ഇതിനായി വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ബൻസ്വാര ജില്ലയിലെ കഗ്‌ഡി അണക്കെട്ടിന്‍റെ നവീകരണം, ജയ്‌പൂരിലെ കൽവാഡ് തഹ്‌സിലിലെ ഗജധർപുര മലിനജല ശുദ്ധീകരണ പ്ലാന്‍റില്‍ നിന്ന് കലഖ് ഡാമിലേക്കുള്ള കനാലിന്‍റെ ലൈനിങ് എന്നിവ ഈ പദ്ധതിയില്‍ ഉൾപ്പെടും.
പുറമെ സവായ്‌മധേപൂർ ജില്ലയിലെ ബമൻവാസ് തഹസിൽ മോറ സാഗർ അണക്കെട്ടിൽ നിന്നുള്ള കനാലിന്‍റെ ലൈനിങ്ങും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടപ്പിലാക്കാന്‍ പോവുന്ന പദ്ധതികള്‍ ജലസേചന കാര്യക്ഷമത വർധിപ്പിക്കുകയും വെള്ളം പാഴാകുന്നത് പരമാവധി കുറയ്ക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. ഉദയ്‌പൂര്‍ ജില്ലയിലെ 367 ഗ്രാമങ്ങളിൽ കുടിവെള്ളം എത്തിക്കാൻ രാജസ്ഥാൻ സർക്കാർ 362.13 കോടി രൂപ ചെലവഴിക്കുമെന്നും ഗെലോട്ട് സഭയില്‍ പറഞ്ഞു.
സോം - കമല - അംബ അണക്കെട്ടിൽ നിന്ന് ഈ ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാൻ കഴിയുന്ന രൂപത്തില്‍ പദ്ധതി നടപ്പിലാക്കാനുള്ള നിർദേശത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകി. 2023-24 ബജറ്റിലെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചത്.
ന്യായീകരണവുമായി സര്‍ക്കാര്‍:അതേസമയം, പുതിയ ജില്ലകൾ കൊണ്ടുവരാനും വിവിധ പദ്ധതികൾ നടപ്പാക്കാനും ശ്രമിക്കുന്നതിലൂടെ രാജസ്ഥാന്‍റെ വികസനം പൂര്‍ണ തലത്തില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഭരണപക്ഷവാദം. ഈ സംരംഭങ്ങൾ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ നിത്യജീവിതം മെച്ചപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്‍റെ പക്ഷം. വരുന്ന നവംബറിലോ ഡിസംബറിലോ ആയിരിക്കും രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് അനൗദ്യോഗിക വിവരം.