ഭൂവനേശ്വര്‍: ഒഡീഷയുടെ ഗ്രാമപ്രദേശങ്ങളിലുള്ള നക്‌സല്‍ സാന്നിധ്യം അവസാനിപ്പിക്കാൻ നീക്കങ്ങളുമായി മുഖ്യമന്ത്രി നവീൻ പട്‌നായിക്. മാല്‍ക്കങ്കിരി ജില്ലയിലെ സ്വാഭിമാൻ അഞ്ചലിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി സ്‌മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വീഡിയോ കോൺഫറൻസിലൂടെ പ്രദേശത്തെ ജനങ്ങളുമായി സംവദിച്ച മുഖ്യമന്ത്രി ഇടതുപക്ഷ തീവ്രവാദികളോട് (എൽഡബ്ല്യുഇ) അക്രമം ഒഴിവാക്കാനും മുഖ്യധാരയിലേക്ക് മടങ്ങാനും വികസന പ്രവർത്തനങ്ങളുടെ ഭാഗമാകാനും ആഹ്വാനം ചെയ്‌തു. സ്വാഭിമാൻ അഞ്ചൽ എപ്പോഴും തന്‍റെ ഹൃദയത്തിലാണെന്നും അതിനെ വികസിത പ്രദേശമാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടരുമെന്നും നവീൻ പട്‌നായിക് പറഞ്ഞു.
ഡിജിറ്റൽ വിപ്ലവത്തിന്‍റെ നേട്ടങ്ങൾ സംസ്ഥാനത്തെ എല്ലാ മേഖലകളിലേക്കും എത്തിക്കുന്നതിനും സാമൂഹിക സുരക്ഷാ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനുമായി മേഖലയില്‍ മൂന്ന് ഫോര്‍-ജി മൊബൈൽ ടവറുകൾ കൂടി സ്ഥാപിക്കുമെന്നും പട്നായിക് അറിയിച്ചു. വൈദ്യുതി കണക്ഷൻ, കോൺക്രീറ്റ് റോഡുകളുടെ നിർമാണം, 78 കിലോമീറ്റർ നടപ്പാത, ഏഴ് പാലങ്ങൾ തുടങ്ങി 100 കോടി രൂപയുടെ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സ്വാഭിമാൻ അഞ്ചലിലെ മഞ്ഞൾ കൃഷി ശക്തിപ്പെടുത്തുമെന്നും കര്‍ഷകര്‍ക്ക് വേണ്ട സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്കരണം, ബ്രാൻഡിങ് എന്നിവയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
250 ട്യൂബ് കിണറുകളുടെ നിർമ്മാണം പൂർത്തിയാക്കുകയും 20 കോടി രൂപയുടെ മെഗാ പൈപ്പ് കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. 43 ജല വിതരണ പദ്ധതികള്‍, 82 അങ്കണവാടി കേന്ദ്രങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ പണി ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു.