ലണ്ടന്‍ : ഇന്ത്യയിലും, പാകിസ്ഥാനിലും മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ മാത്രം അനുഭവപ്പെട്ടിരുന്ന അതിതീവ്ര താപനില മൂന്ന് വര്‍ഷങ്ങള്‍ ഇടവിട്ട് രേഖപ്പെടുത്താന്‍ സാധ്യതയുള്ളതായി പഠനം. കാലാവസ്ഥ വ്യതിയാനത്തില്‍ വന്ന മാറ്റം ഉഷ്‌ണ തരംഗം 100 മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. യുകെ മെറ്റ് ഓഫിസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഭാവിയില്‍ ഇരു രാജ്യങ്ങളിലും കനത്ത ചൂട് അനുഭവിക്കേണ്ടിവരും.
1900-ന് ശേഷം തീവ്രമായ രീതിയില്‍ താപനില രേഖപ്പെടുത്തിയത് 2010 ഏപ്രില്‍, മെയ് മാസങ്ങളിലാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 300 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം തീവ്രമായ അളവിലുള്ള ചൂട് ഓരോ 3.1 വര്‍ഷം ഇടവെട്ടും രേഖപ്പെടുത്തിയേക്കാമെന്നാണ് ഗവേഷകരുടെ അവകാശവാദം.
ഇത്തരത്തില്‍ രേഖപ്പെടുത്തുന്ന ചൂട് നൂറ്റാണ്ടിന്‍റെ അവസാനത്തോടെ 1.15 വര്‍ഷത്തിന്‍റെ ഇടവേളയില്‍ സംഭവിച്ചേക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവിലെ ചൂടുതരംഗങ്ങള്‍ 2010 ലെ കണക്കിനെ മറികടക്കുമോ എന്നറിയാന്‍ ഈ മാസം അവസാനം വരെ കാത്തിരിക്കണം.