ജയ്‌പൂര്‍: രാജസ്ഥാനിലെ ധോല്‍പൂരില്‍ ആത്മഹത്യ ചെയ്‌ത പത്താം ക്ലാസ് വിദ്യാര്‍ഥിയെ കണ്ട് വീട്ടുടമ ഹൃദയാഘാതം മൂലം മരിച്ചു. റഹസൈന ഗ്രാമവാസിയായ ലീലാന്ദറിന്‍റെ മകന്‍ പുഷ്‌പേന്ദ്ര രജപുത്താണ് (17) മരിച്ചത്. രജപുത്ത് മരിച്ചത് കണ്ട വീട്ടുടമയായ ബഹദൂര്‍ സിങാണ് (65) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
വ്യാഴാഴ്‌ച പത്താം ക്ലാസ് പരീക്ഷ ആരംഭിക്കാനിരിക്കെ ബുധനാഴ്‌ചയാണ് രജപുത്ത് ആത്മഹത്യ ചെയ്‌തത്. മാധവ്‌നന്ദ് കോളനിയിലെ വാടക വീട്ടിലാണ് രജപുത്തും കുടുംബവും താമസിച്ചിരുന്നത്. ബുധനാഴ്‌ച രാത്രി കിടന്നുറങ്ങാന്‍ മുറിയില്‍ കയറി വാതിലടച്ച രജപുത്ത് രാവിലെ പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുടമ ബഹദൂര്‍ സിങ് രജപുത്ത് മരിച്ചത് കണ്ടതോടെ നിലത്ത് വീഴുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. രജപുത്തിന്‍റെ മരണകാരണം വ്യക്തമല്ലെങ്കിലും പരീക്ഷ ആരംഭിക്കുന്നതിനെപ്പറ്റി രജപുത്തിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും പരീക്ഷ കാര്യങ്ങളില്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും കുടുംബം പറഞ്ഞു. പരീക്ഷ പേടി തന്നെയാവും മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നിഹാൽഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻചാർജ് വിജയ് മീണ പറഞ്ഞു.
പരീക്ഷ പേടിയും വിദ്യാര്‍ഥികളും:പരീക്ഷ ദിനങ്ങള്‍ അടുക്കുന്തോറും വിദ്യാര്‍ഥികളിലും ഒപ്പം രക്ഷിതാക്കളിലും ടെന്‍ഷന്‍ അധികരിച്ച് വരുന്ന സാഹചര്യങ്ങൾ വർധിച്ച് വരികയാണ്. വലുതോ ചെറുതോ ആകട്ടെ എല്ലാവരും പരീക്ഷ സമയങ്ങളില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണ്. ഈ സമ്മര്‍ദങ്ങള്‍ പതിയെ വിദ്യാര്‍ഥികളില്‍ ഉറക്കമില്ലായ്‌മ, നിരാശ, ഭക്ഷണത്തോട് മടുപ്പ്, ദേഷ്യം എന്നിവയുണ്ടാക്കും.
പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് വിനയാകുന്നത് രക്ഷിതാക്കളുടെ ഇടപെടലുകളായിരിക്കും. ജോലി ചെയ്യുന്ന ചില രക്ഷിതാക്കള്‍ മക്കളുടെ പരീക്ഷ അടുത്താല്‍ ലീവെടുത്ത് വീട്ടിലിരിക്കുകയും മക്കളെ വിടാതെ പിന്തുടരുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അവരുടെ പഠന മികവ് മെച്ചപ്പെടുത്തില്ലെന്ന് മാത്രമല്ല അവരില്‍ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുകയും ചെയ്യും.
പരീക്ഷ സമയങ്ങളിലായിരിക്കും വിദ്യാര്‍ഥികള്‍ ഭാവിയെ കുറിച്ച് അധികമായി ആലോചിക്കുക. ഇത് അവരില്‍ മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കും. ഇത്തരം സാഹചര്യങ്ങളെല്ലാം മനസിലാക്കി വേണം രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളെ സമീപിക്കാന്‍. ദിവസം മുഴുവനുമുള്ള പഠനം വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടുള്ള മടുപ്പിന് കാരണമായേക്കാം.
അത്തരം സന്ദര്‍ഭം ഒഴിവാക്കി പഠിക്കാനും അതോടൊപ്പം അവര്‍ക്ക് ഇഷ്‌ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള സൗകര്യം ഒരുക്കി കൊടുക്കാന്‍ ശ്രദ്ധിക്കണം. പരീക്ഷ സമയങ്ങളില്‍ അവരുമായി കൂടുതല്‍ ഇടപഴകുകയും ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഭക്ഷണങ്ങള്‍ നല്‍കുകയും ചെയ്യുക. പഠിക്കാന്‍ ആവശ്യമുള്ള സഹായങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുക. അവര്‍ക്ക് ടെന്‍ഷനും പരീക്ഷ പേടിയുമുണ്ടെന്ന് മനസിലായാല്‍ അതെല്ലാവര്‍ക്കും ഉണ്ടാകുന്നതാണെന്നും അത്തരം ചിന്തകളെ പോസിറ്റീവാക്കി മാറ്റിയാല്‍ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാനാകുമെന്നും അവരെ പറഞ്ഞ് മനസിലാക്കുക. പഠനത്തിന്‍റെ ഇടവേളകളില്‍ പുറത്ത് കൊണ്ട് പോകാന്‍ സാധിക്കുമെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ റിലാക്‌സ് നല്‍കും.
also read:പരീക്ഷയടുത്തോ; സമ്മര്‍ദം അകറ്റാം ഭക്ഷണത്തിലൂടെ; മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനുള്ള മാര്‍ഗങ്ങള്‍