ഹൈദരാബാദ് :തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കോണ്‍ഗ്രസ് ബിആര്‍എസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി കെ.ചന്ദ്ര ശേഖര്‍ റാവുവും (കെസിആര്‍) പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും നേരിട്ട് ഏറ്റുമുട്ടുന്ന കാമറെഡ്ഡി മണ്ഡലത്തില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. കാമറെഡ്ഡിയില്‍ പോളിങ് ബൂത്ത് സന്ദര്‍ശിക്കുകയായിരുന്ന രേവന്ത് റെഡ്ഡിയുടെ സഹോദരനെ ബിആര്‍എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
ജന്‍ഗാവോണ്‍ നിയമസഭ മണ്ഡലത്തിലെ ഒരു ബൂത്തിലും വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. ഇവിടെ കോണ്‍ഗ്രസ്, സിപിഐ, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ പൊലീസെത്തി ലാത്തി വീശി പ്രവര്‍ത്തകരെ നീക്കം ചെയ്‌തു.
നിസാമബാദ് ജില്ലയിലെ ബോധനില്‍ വിജയമേരി പോളിങ് സ്റ്റേഷനിലും കോണ്‍ഗ്രസ് ബിആര്‍എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവിടെയും പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. ഗാഡ്വാള്‍ ജില്ലയിലെ ജോഗുലംബയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
also read:തെലങ്കാന തെരഞ്ഞെടുപ്പ് വിജയ പ്രവചനം: കോടികളുടെ വാതുവയ്‌പ്പ്, ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും
അംറാബാദിലെ മന്നാനൂര്‍ ബൂത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് ബിആര്‍എസ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അലേരു മണ്ഡലത്തിലും കോണ്‍ഗ്രസ് ബിആര്‍എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇവിടെ ബിഎല്‍ഒ പോളിങ് ബൂത്തില്‍ പ്രചാരണം നടത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. വോട്ട് സ്വാധീനിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ പൊലീസ് ഇടപെട്ട് ബിഎല്‍ഒയെ പുറത്താക്കി.