ജുനാഗഡ്:അനധികൃത നിര്‍മാണം ആരോപിച്ച് ദര്‍ഗ പൊളിച്ചുമാറ്റാന്‍ നോട്ടിസ് നല്‍കിയ സംഭവത്തില്‍ ഗുജറാത്തിലെ ജുനാഗഡില്‍ സംഘര്‍ഷം. പൊലീസും മതവിശ്വാസികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. മജേവാഡി ഗെയിറ്റിലുള്ള ദര്‍ഗയുടെ നിര്‍മാണത്തിലാണ് അപാകതകള്‍ ആരോപിച്ച് അധികൃതര്‍ നോട്ടിസ് നല്‍കിയത്.
വെള്ളിയാഴ്‌ച നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം ഒഴിപ്പിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി പൗരസമിതി എത്തിയപ്പോഴാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ദര്‍ഗ നിര്‍മിച്ച ഭൂമിയുടെ ഉടമസ്ഥാവകാശവും കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട മറ്റ് രേഖകളും ഹാജരാക്കാന്‍ ജുനഗഡ് മുന്‍സിപ്പാലിറ്റി ആവശ്യപ്പെട്ടിരുന്നു. അഞ്ച് ദിവസത്തിനകം കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു നോട്ടിസിലെ ആവശ്യം.
നോട്ടിസ് നല്‍കിയിട്ടും പ്രതികരണമില്ലാതെ ദര്‍ഗ അധികൃതര്‍: എന്നാല്‍, കാലാവധി കഴിഞ്ഞിട്ടും ദര്‍ഗ അധികൃതരില്‍ നിന്ന് യാതൊരു വിധ പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുന്‍സിപ്പാലിറ്റി നടപടികളുമായി മുന്നോട്ട് നീങ്ങിയത്. കെട്ടിടം പൊളിക്കുന്നതിനായി പൗരസമിതി സ്ഥലത്തെത്തുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആളുകള്‍ സ്ഥലത്ത് സംഘടിക്കുകയായിരുന്നു. ഏകദേശം 600 പേരായിരുന്നു പ്രതിഷേധത്തിനായി സ്ഥലത്ത് ഒത്തുകൂടിയത്.
പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരില്‍ ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സാഹചര്യം വഷളായപ്പോള്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കൂടാതെ പൊലീസിന്‍റെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ തീയിട്ടു.
ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു:പൗരസമിതി നല്‍കിയ നോട്ടിസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി പൗരസമിതി സ്ഥലത്തെത്തിയപ്പോള്‍ ഏകദേശം 600ല്‍ പരം ആളുകള്‍ സ്ഥലത്ത് തടിച്ചു കൂടി പ്രതിഷേധിക്കുകയായിരുന്നു. റോഡ് ഉപരോധിക്കരുതെന്ന് പൊലീസ് അവരോട് ആവശ്യപ്പെട്ടിരുന്നു. രാത്രി ഏകദേശം 10.15ഓടെയായിരുന്നു പൊലീസിന് നേരെ കല്ലേറുണ്ടായത്.