തെലങ്കാന : നൽഗൊണ്ട ജില്ലയിലെ നാഗാർജുന സാഗറിൽ ചൊവ്വാഴ്‌ച ഭാരത രാഷ്ട്ര സമിതി പ്രവര്‍ത്തകരും (Bharat rashtra samithi - BRS) ഭാരതീയ ജനത പാർട്ടി (Bharatiya Janata Party - BJP) പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നൽഗൊണ്ട ബിജെപി ജില്ലാ പ്രസിഡന്‍റ് കെ ശ്രീധർ റെഡ്ഡിയെ ബിആർഎസ് പ്രവർത്തകർ ആക്രമിച്ചു.റെഡ്ഡിക്കെതിരായ ആക്രമണത്തെ ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡി അപലപിച്ചു. നാഗാർജുനസാഗർ ഉപതെരഞ്ഞെടുപ്പ് വേളയിൽ ബിആർഎസ് സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടാൽ നെല്ലിക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വാഗ്‌ദാനം ചെയ്‌തിരുന്നതായി തെലങ്കാന ബിജെപി അധ്യക്ഷൻ പ്രസ്‌താവനയിൽ പറഞ്ഞു. വിഷയത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച പൊതുയോഗത്തിനായി കെസിആർ നാഗാർജുനസാഗർ സന്ദർശിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഗ്‌ദാനത്തിന് എന്ത് സംഭവിച്ചുവെന്ന് ചോദ്യം ചെയ്‌ത് ശ്രീധർ റെഡ്ഡി നെല്ലിക്കലിൽ ധർണ നടത്തി.
ഇതിൽ പ്രകോപിതരായ ബിആർഎസ് ഗുണ്ടകൾ പട്ടാപ്പകൽ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ശ്രീധർ റെഡ്ഡിയെ ഉടൻ ചികിത്സയ്ക്കായി നൽഗൊണ്ടയിലെ റിംസിലേക്ക് മാറ്റി. കിഷൻ റെഡ്ഡി ശ്രീധർ റെഡ്ഡിയുമായി ഫോണിൽ ആശയവിനിമയം നടത്തിയെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.