ബെംഗളൂരു:ജെഡിഎസ് ദേശീയ അധ്യക്ഷനായ എച്ച്ഡി ദേവഗൗഡയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സികെ നാണുവും സിഎം ഇബ്രാഹിമും ഉള്‍പ്പെടുന്ന വിമത വിഭാഗം. പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി സികെ നാണുവിനെ തെരഞ്ഞടുത്തതായും വിമത വിഭാഗത്തിന്‍റെ അറിയിപ്പ്. പാര്‍ട്ടി സമാന്തര യോഗം വിളിച്ചതിന് ദേശീയ വൈസ് പ്രസിഡന്‍റായിരുന്ന സി കെ നാണുവിനെയും സംസ്ഥാന അധ്യക്ഷനായ സിഎം ഇബ്രാഹിമിനെയും കഴിഞ്ഞ ദിവസം പുറത്താക്കിയതായി എച്ച്ഡി ദേവഗൗഡ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി സികെ നാണുവിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപനം വന്നത് (CK Nanu Selected JD(S) National President).
സിഎം ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ കടുകൊണ്ടഹള്ളിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ദേശീയ അധ്യക്ഷനായി സികെ നാണുവിനെ തെരഞ്ഞെടുത്തത്. യോഗത്തിൽ തെലങ്കാന ജെഡിഎസ് പ്രസിഡന്‍റ് സൂരി ഒറ്റവരി പ്രമേയം വായിച്ചു. കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട ഇരുവരുടെയും നേതൃത്വത്തിലാണ് ഇന്ന് (ഡിസംബര്‍ 11) യോഗം ചേര്‍ന്നത് (JDS National President CK Nanu).
ഡിസംബര്‍ 9ന് ബെംഗളൂരുവില്‍ ജെഡിഎസ് ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സികെ നാണുവിനെയും സിഎം ഇബ്രാഹിമിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പാര്‍ട്ടി ദേശീയ അധ്യക്ഷനായ എച്ച്ഡി ദേവഗൗഡ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നത് (CM Ibrahim and CK Nanu).
ഇന്ത്യ മുന്നണിക്ക് പിന്തുണ: സികെ നാണുവിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ യോഗത്തില്‍ സംസാരിച്ച സിഎം ഇബ്രാഹിം തങ്ങള്‍ ഇന്ത്യ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. 'ഇവിടെ എന്‍ഡിഎയും ഇന്ത്യ മുന്നണിയുമുണ്ട്. തങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കും (NDA And INDIA). ജെഡിഎസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെ മാറ്റിയത് തന്‍റെ തീരുമാനമല്ല. മറിച്ച് ഇത് പാര്‍ട്ടി ദേശീയ കൗണ്‍സിലിന്‍റെ തിരുമാനമാണെന്നും' അദ്ദേഹം പറഞ്ഞു. ജയപ്രകാശ് നാരായണന്‍റെ പ്രത്യയ ശാസ്‌ത്രത്തില്‍ കെട്ടിപ്പടുത്തതാണ് ജനത പാര്‍ട്ടി. ഇനി മുഴുവന്‍ സംസ്ഥാനങ്ങളുടെയും ചുമതല സികെ നാണുവിനാണ്.
ജനുവരിയില്‍ ഹൂബ്ലിയില്‍ പാര്‍ട്ടിയുടെ മഹാസമ്മേളനം നടക്കും. മഹാസമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ക്ഷണിക്കും. കൂടാതെ അഖിലേഷ് യാദവ്, നിതീഷ് കുമാര്‍ എന്നിവരും പരിപാടിക്കെത്തും. തങ്ങള്‍ക്കൊപ്പം അഞ്ച് എംഎല്‍എമാരുണ്ട്. അവര്‍ സ്വന്തം പാര്‍ട്ടിക്ക് വേണ്ടി കുടുംബത്തെ ത്യജിച്ചവരാണ്. നിലവില്‍ അധ്യക്ഷനായ ദേവഗൗഡയെ മാറ്റി പകരം സികെ നാണുവിനെ തെരഞ്ഞെടുത്തു. ഇക്കാര്യങ്ങളെല്ലാം തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ അറിയിക്കുകയും ചെയ്യുമെന്നും സിഎം ഇബ്രാഹിം പറഞ്ഞു.