ന്യൂഡല്‍ഹി : സ്വവര്‍ഗ വിവാഹങ്ങള്‍ അനുവദിക്കുന്ന പുതിയ നിയമ നിര്‍മാണ വ്യവസ്ഥ പാര്‍ലമെന്‍റിന്‍റെ പരിധിയില്‍ വരുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഇത്തരം വിവാഹങ്ങള്‍ക്കായി സ്‌പെഷ്യല്‍ മാരേജ് ആക്‌ടിലെ വ്യവസ്ഥകളെ ഇല്ലാതാക്കുന്നത് രോഗത്തെക്കാള്‍ മാരകമായ കുറിപ്പടിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ലോ സെന്‍ററും സൊസൈറ്റി ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
വ്യത്യസ്‌ത മതങ്ങളില്‍ നിന്നുള്ള ആണിനെയും പെണ്ണിനെയും സംബന്ധിച്ചുള്ള വിവാഹ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് മതേതര നിയമമാണ്. എന്നാല്‍ സ്വവര്‍ഗ വിവാഹത്തില്‍ അങ്ങനെയല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവാഹം ചെയ്യാന്‍ അനുവദിക്കുന്ന നിയമ സംവിധാനമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ടെന്നും അതിലെ പിഴവുകള്‍ താന്‍ കാണാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആണിനും പെണ്ണിനും വിവാഹം ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥകളാണ് സ്‌പെഷ്യല്‍ മാരേജ് ആക്‌ടിലുള്ളത്. എന്നാല്‍ സ്‌പെഷ്യല്‍ മാരേജ് ആക്‌ട് റദ്ദാക്കുന്നത് പര്യാപ്‌തമല്ല. അത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ വ്യത്യസ്‌ത മതവിഭാഗങ്ങളിലുള്ളവര്‍ക്ക് വിവാഹം ചെയ്യുന്നതിനായി രാജ്യത്ത് പ്രത്യേക നിയമങ്ങള്‍ ഇല്ലാതെ വരുമെന്നും ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.