ചെന്നൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിനെ (ഐഐടി മദ്രാസ്) അഭിനന്ദിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ്. സ്ഥാപനത്തിന്‍റെ 60ാമത് കോൺവൊക്കേഷൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഐടി മദ്രാസിന്‍റെ ആദ്യ അന്താരാഷ്‌ട്ര കാമ്പസ് ടാൻസാനിയ - സാൻസിബാറിൽ ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് വിപുലമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
2,573 വിദ്യാർഥികളാണ് ഇത്തവണ ബിരുദം നേടിയത്. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യയുടെ വികസനത്തിന് കഴിഞ്ഞ 64 വർഷക്കാലം ഐഐടി മദ്രാസ് ഗവേഷണം, സാങ്കേതിക, കണ്ടുപിടിത്തങ്ങൾ, പുരോഗതി എന്നിവയുലൂടെ നൽകിയ സംഭാവനകളെയാണ് ഡിവൈ ചന്ദ്രചൂഡ് പ്രശംസിച്ചത്. സ്ഥാപനത്തിലൂടെ ഉയർന്നുവന്ന് ലോകത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ആയിരക്കണക്കിന് വിദ്യാർഥികളേയും അദ്ദേഹം അഭിനന്ദിച്ചു.
സമൂഹത്തിൽ സാങ്കേതികവിദ്യയുടെ സ്വാധീനത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം സാമ്പത്തിക മൂല്യത്തിനപ്പുറം, സാങ്കേതികവിദ്യ സമൂഹത്തിന്‍റെ പുരോഗതിക്ക് സംഭാവന ചെയ്യുന്ന ധാർമിക മൂല്യങ്ങൾ ഉൾക്കൊള്ളണമെന്ന് വിദ്യാർഥികളോടായി പറഞ്ഞു. അതോടൊപ്പം നിയമവും സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഓസ്‌ട്രേലിയ, സിംഗപ്പൂർ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളിലെ സർവകലാശാലകളുമായുള്ള സംയുക്ത ബിരുദങ്ങൾ ഉൾപ്പെടെ 453 പിഎച്ച്‌ഡി ബിരുദങ്ങളാണ് മദ്രാസ് ഐഐടിയിൽ നടന്ന കോൺവോക്കേഷൻ ചടങ്ങിൽ നൽകിയത്.
ചടങ്ങിൽ ബി ടെക്, എം ടെക്, എംഎസ്‌സി, എംഎ, എക്‌സിക്യൂട്ടീവ് എംബിഎ, എംബിഎ, എംഎസ്, വെബ് - എനേബിൾഡ് എം ടെക് തുടങ്ങി വിവിധ വിഷയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റ് കൈമാറി. ഐഐടി മദ്രാസിലെ ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ ഡോ. പവൻ ഗോയങ്ക കോൺവൊക്കേഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.