ന്യൂഡൽഹി : ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പ്രശാന്ത് കുമാർ മിശ്രയും മലയാളിയും മുതിർന്ന അഭിഭാഷകനുമായ കൽപ്പാത്തി വെങ്കിട്ടരാമൻ വിശ്വനാഥനും സുപ്രീം കോടതി ജഡ്‌ജിമാരായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. സുപ്രീം കോടതിയുടെ പുതിയതായി നിർമിച്ച ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10.30 ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞ ചടങ്ങ് കോടതിയുടെ വെബ്‌സൈറ്റിൽ തത്സമയം സംപ്രേക്ഷണം ചെയ്‌തു.
ജസ്റ്റിസ് മിശ്രയേയും വിശ്വനാഥനെയും സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കുന്നതിനുള്ള വാറണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ ഓഫിസിൽ നിന്ന് ഇന്നലെ പുറപ്പെടുവിച്ചിരുന്നു. പുതിയ നിയമ - നീതി മന്ത്രിയായി ചുമതലയേറ്റ അർജുൻ റാം മേഘ്‌വാളാണ് ട്വീറ്റിലൂടെ നിയമനങ്ങൾ പ്രഖ്യാപിച്ചത്. ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് അജയ് റസ്‌തോഗി, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവർ സുപ്രീം കോടതിയിൽ വിരമിക്കാനൊരുങ്ങുകയാണ്.
also read :ബിഹാർ ജാതി സെൻസസ്: സ്റ്റേയ്‌ക്ക് എതിരെയുള്ള ഹര്‍ജിയില്‍ വാദം കേൾക്കാതെ പിന്മാറി സുപ്രീം കോടതി ജഡ്‌ജ്
അംഗബലം തിരികെ ഉയർത്തി സുപ്രീം കോടതി : മൂന്ന് ജഡ്‌ജിമാർക്കും ഇന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകും. സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ ആകെ അംഗബലം 34 ആണ്. എന്നാൽ ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് എം ആർ ഷായും വിരമിച്ചതോടെ നിലവിൽ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം 32 ആയി ചുരുങ്ങിയിരുന്നു.