കൊഹിമ:നാഗാലാന്‍ഡില്‍ സുരക്ഷ സേനയുടെ വെടിവയ്പ്പില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലെ തിരു ഗ്രാമത്തിലാണ് സംഭവം. ആയുധധാരികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്ക് നേരെ സുരക്ഷ സേന വെടിയുതിര്‍ക്കുകയായിരുന്നു.
ശനിയാഴ്‌ച വൈകുന്നേരം ഒട്ടിങ്-തിരു റോഡില്‍ വച്ചാണ് വെടിവയ്പ്പുണ്ടായത്. സമീപത്തുള്ള കല്‍ക്കരി ഖനിയില്‍ ദിവസ വേതനക്കാരായ ഗ്രാമീണര്‍ പിക്കപ്പ് ട്രാക്കില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. എന്‍എസ്‌സിഎന്‍ (കെ) ആയുധധാരികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷ സേന ഇവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.
വെടിവയ്‌പ്പില്‍ ആറ് പേര്‍ ശനിയാഴ്‌ച വൈകുന്നേരവും പരിക്കേറ്റ ഏഴ് പേര്‍ ഞായറാഴ്‌ച രാവിലെയുമായി മരണപ്പെട്ടുവെന്ന് കോണ്യാക്ക് ഗോത്ര നേതാക്കള്‍ അറിയിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും രണ്ട് പേരെ കാണാനില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഒട്ടിങില്‍ പ്രദേശവാസികള്‍ കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് മുഖ്യമന്ത്രി നെയ്‌ഫു റിയോ പ്രതികരിച്ചു. സംഭവത്തില്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമെന്നും വ്യക്തമാക്കി. എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഓട്ടിങ്ങിലുണ്ടായ (മോൺ) സംഭവം ദാരുണമെന്ന് ഉപ മുഖ്യമന്ത്രി യാൻതുൻഗോ പാറ്റൂണ്‍ പ്രതികരിച്ചു. സംഭവം സമഗ്രമായി അന്വേഷിക്കുമെന്നും നീതി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ അപലപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. നാഗാലാൻഡിലെ ഓട്ടിങില്‍ നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൽ ദുഃഖിതനാണെന്നും ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്‌തു. സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതതല പ്രത്യേക അന്വേഷണ സംഘം സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also read:'SEX' on scooter number plate: നമ്പര്‍ പ്ലേറ്റില്‍ 'സെക്‌സ്'; ആര്‍ടിഒക്ക് നോട്ടീസ് അയച്ച് വനിത കമ്മിഷന്‍