ജമ്മുകാശ്‌മീര്‍:പൂഞ്ച് ജില്ലയിലെ ദേരാ കി ഗലിയില്‍ കഴിഞ്ഞ ദിവസം സൈനിക വാഹനം ആക്രമിച്ച് ഭീകരര്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ മൃഗീയമായി കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് സൈന്യം നാട്ടു കാര്‍ക്ക് നേരെ പകപോക്കുന്നുവെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത മൂന്നു പ്രദേശ വാസികളെ സൈന്യം വക വരുത്തിയതായാണ് ആരോപണം. മൂന്നു പേരും ദുരൂഹ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച നിരവധി പ്രദേശ വാസികളെ സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഭീകരരെ കണ്ടെത്താനായി പ്രദേശം വളഞ്ഞ് സൈന്യം തെരച്ചില്‍ നടത്തി വരികയാണ്.
സൈന്യം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയവരില്‍ ടോപ്പ പിര്‍ ഗ്രാമത്തില്‍ നിന്നുള്ള മുപ്പതു കാരന്‍ റിയാസ് അഹമ്മദ്, ഇരുപത്തിയാറുകാരന്‍ ഷൗക്കത്ത് ഹുസൈന്‍, മഹ്ഫൂസ് അഹമ്മദ് എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കസ്റ്റഡിയിലിരിക്കെ മരിച്ച മൂന്ന് യുവാക്കളുടേയും മൃതദേഹം സൈന്യം കൈമാറിയതായി നാട്ടുകാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. പകപോക്കലിന്‍റെ ഭാഗമായി സൈന്യം നാട്ടുകാരെ പച്ചക്ക് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.കസ്റ്റഡിയിലെടുത്തവരെ സൈന്യം ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നതായി ആരോപിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗ്രാമം പൂര്‍ണമായും സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും മരിച്ചവരുടെ മൃതദേഹം എത്രയും വേഗം മറവുചെയ്യാന്‍ സൈന്യം നിര്‍ബന്ധിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് സൈന്യത്തിന്‍റെ പ്രതികരണം ഇതേവരെ ലഭ്യമായിട്ടില്ല. പ്രാദ്ശിക ഭരണകൂടവും സംഭവത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല.
അതേ സമയം ദുരൂഹ സാഹചര്യത്തില്‍ മരിച്ച് മൂന്ന് പേരുടെയും കുടുംബത്തിന് ജമ്മു കശ്‌മീര്‍ ഭരണകൂടം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു, ബന്ധുക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.