ന്യൂഡല്‍ഹി: ബജറ്റ് എയര്‍ സര്‍വീസ് തുടങ്ങാന്‍ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് വ്യോമയാന മന്ത്രാലയം. ട്രാഫിക്ക് ഡിമാന്‍ഡ്, വാണിജ്യപരമായ പ്രവര്‍ത്തനക്ഷമത തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കി എവിടെ വിമാന സര്‍വീസ് ആരംഭിക്കണമെന്നത് വിമാന കമ്പനികളുടെ തീരുമാനമാണെന്നും മന്ത്രാലയം പറഞ്ഞു. ലോക്‌സഭയില്‍ ബജറ്റ് എയര്‍ സര്‍വീസ് ആരംഭിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
1994 മാര്‍ച്ചില്‍ എയര്‍ കോര്‍പ്പറേഷന്‍ ആക്‌ട് റദ്ദാക്കിയതിന് ശേഷം ഇന്ത്യയിലെ ഡൊമസ്റ്റിക് ഏവിയേഷന്‍ മാര്‍ക്കറ്റുകളുടെ നിയന്ത്രണം എടുത്തു കളഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്, രാജ്യത്തുടനീളം ഏതൊക്കെ മാര്‍ക്കറ്റുകളിലും നെറ്റ്‌വര്‍ക്കുകളിലും സര്‍വീസ് നടത്തണമെന്ന് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.