ന്യൂഡല്‍ഹി: കൊറോണ വൈറസിന്‍റെ വകഭേദമായ ഒമിക്രോണ്‍ ബിഎഫ്.7 രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച (ഡിസംബര്‍ 19) വരെ 220 കോടി ഡോസ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്‌ത്തുന്ന വൈറസിനെതിര പൊരുതുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍കരുതല്‍ വാക്‌സിന്‍ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊവിഡിനെ ചെറുക്കാന്‍ രാജ്യം ഒരുമിച്ച് നിന്ന് പോരാടിയെന്നും മന്ത്രി പറഞ്ഞു.
'ആരോഗ്യ കേന്ദ്രങ്ങളെ സമഗ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രധാന മന്ത്രിയുടെ 'ഒരു രാജ്യം ഒരു ആരോഗ്യം' പദ്ധതിയിലൂടെ നമ്മുക്ക് ഒരുമിച്ച് നിന്ന് മഹാമാരിയെ നേരിടാൻ സാധിച്ചു. വിദൂരമായ സ്ഥലങ്ങളില്‍ പോലും രക്തം, വാക്‌സിന്‍, മരുന്ന് മുതലായവ എത്തിക്കാൻ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന്' കേന്ദ്ര മന്ത്രി അറിയിച്ചു.