മുംബൈ : ഐപിഎസ് ഉദ്യോഗസ്ഥൻ പരം ബിർ സിങ് പണം തട്ടിയെന്ന പരാതിയില്‍ മഹാരാഷ്‌ട്ര പൊലീസിന്‍റെ സിഐഡി വിഭാഗം വാതുവെപ്പുകാരായ സോനു ജലാൻ, കേതൻ തന്ന, മുനീർ ഖാൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ഇതിനായി ഇവരോട് ബുധനാഴ്ച ബെലാപൂർ ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാതുവെപ്പുകാരുടെ പരാതിയിലെടുത്ത കേസിലാണ് നടപടി.
Also Read:സിബിഐ അന്വേഷണം; പരം ബിർ സിംഗ് ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി
സിങ്ങ് പണം തട്ടിയെന്ന് കാണിച്ച് മൂവരും കഴിഞ്ഞ മാസം ഡിജിപി സഞ്ജയ് പാണ്ഡെക്ക് പരാതി നല്‍കുകയായിരുന്നു. അദ്ദേഹം അന്വേഷണം സിഐഡിക്ക് കൈമാറി. അതേസമയം പൊലീസ് ഇൻസ്പെക്‌ടർമാരായ അനൂപ് ഡാംഗെ, ഭീംറാവു ഗാഡ്ജ് എന്നിവർ നൽകിയ പരാതിയിൽ സിങ്ങിനെതിരെ അഴിമതി വിരുദ്ധ ബ്യൂറോ പരിശോധനകള്‍ ആരംഭിച്ചതായി എസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ പരം ബിർ സിങ്ങ് കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച എസ്.യു.വി കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് ബാറുകളിൽ നിന്നും റെസ്റ്റോറന്‍റുകളിൽ നിന്നും പ്രതിമാസം 100 കോടി പിരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്നായിരുന്നു പരം ബിർ സിങ്ങിന്‍റെ മൊഴി.