ഊട്ടി:കുനുരിൽ ഹെലികോപ്റ്റർ ദുരന്ത സ്ഥലം സന്ദർശിച്ച് ഐഎഎഫ് ചീഫ് എയർ മാർഷൽ വി.ആർ ചൗധരി. തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്രബാബുവിനൊപ്പമാണ് വി ആർ ചൗധരി സംഭവ സ്ഥലത്തെത്തിയത്. ഹെലികോപ്‌റ്റർ, യാത്ര ആരംഭിച്ച സുലൂർ എയർബേസ് ഐഎഎഫ് മേധാവി ബുധനാഴ്‌ച സന്ദർശിച്ചു.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ബുധനാഴ്‌ച ഉച്ചയ്ക്കാണ് അപകടത്തിൽപെട്ടത്. ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സന്ദർശനത്തിനായി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് സായുധ സേനാംഗങ്ങളുടെയും ഭൗതിക ശരീരം വ്യാഴാഴ്‌ച വൈകുന്നേരത്തോടെ ഡൽഹിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി 2019 ഡിസംബർ 31നാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. 2017 ജനുവരി മുതൽ 2019 ഡിസംബർ വരെ അദ്ദേഹം കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
READ MORE:Bipin Rawat Chief of Defence Staff | 2015 ല്‍ വൻ അപകടത്തെ അതിജീവിച്ച ബിപിൻ റാവത്ത്