ഹൈദരാബാദ്: സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ലക്ഷങ്ങൾ മുടക്കിയാണ് എല്ലാവരും സ്വന്തമായി വാഹനം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുക. എന്നാൽ ലക്ഷങ്ങൾ മുടക്കി വാഹനം വാങ്ങിയാലും മിക്കവരും വാഹനങ്ങൾക്ക് ഇൻഷുറൻസ് പോളിസി എടുക്കുക എന്ന ചെറിയ കാര്യം അവഗണിക്കും.
വാഹനങ്ങൾ അപകടത്തിൽപ്പെട്ടതിന് ശേഷം മാത്രമാണ് ഇൻഷുറൻസ് എടുക്കാത്തതിൽ ഖേദിക്കുന്നത്. തുടർന്ന് ഇൻഷുറൻസ് എടുക്കാനുള്ള തത്രപ്പാടിലായി. ചിലർ ഇൻഷുറൻലസ് ഇല്ലാത്തതിന്‍റെ അനന്തര ഫലങ്ങൾ അറിഞ്ഞതിനു ശേഷം പോയി ഇൻഷുറൻസ് എടുക്കുമെങ്കിൽ മറ്റ് ചിലർ ഇൻഷുറൻസ് കമ്പനികളെ സമീപിക്കുകയാണ് ചെയ്യുന്നത്.
കൊവിഡ് കാലത്ത് ആളുകളുടെ യാത്രാരീതിയിൽ വലിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടായത്. കൊവിഡ് വ്യാപനം ഭയന്ന് പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ആളുകൾ പൊതുവേ കുറച്ചു. ഈ സാഹചര്യത്തിൽ സ്വന്തം വാഹനത്തിലാണ് ഒട്ടുമിക്കയാളും ഇപ്പോൾ യാത്ര ചെയ്യുന്നത്. കൊവിഡ് വന്നതോടെ സ്വന്തമായി വാഹനം വാങ്ങുന്നവരുടെ എണ്ണവും കൂടി.
വാഹന ഇൻഷുറൻസ് നിർബന്ധം
നിയമം അനുസരിച്ച് എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. എന്നാൽ നിയമപരമായ ബാധ്യതകൾ ഒഴിവാക്കാൻ വേണ്ടി മാത്രം ഇൻഷുറൻസ് എടുക്കുന്ന പ്രവണത ഉപേക്ഷിക്കണം. ചെറിയ അപകടമുണ്ടായാൽ പോലും അവ വരുത്തിവയ്ക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണ്.
പ്രധാനമായും രണ്ട് തരത്തിലുള്ള ഇൻഷുറൻസ് ആണുള്ളത്. സമഗ്ര ഇൻഷുറൻസും തേർഡ് പാർട്ടി ഇൻഷുറൻസും. നിരത്തിൽ ഇറക്കുന്നതിന് വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. വാഹന ഇൻഷുറൻസ് പോളിസികൾ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്. പോളിസികൾ പുതുക്കാൻ ഇപ്പോൾ പലരും ഓൺലൈൻ മാർഗമാണ് തെരഞ്ഞെടുക്കുന്നത്. ഓൺലൈനായി ഇൻഷുറൻസ് പുതുക്കുന്നവരെ സഹായിക്കുന്നതിനായി വിവിധ ഇൻഷുറൻസ് കമ്പനികൾക്ക് ഹെൽപ്പ് ഡെസ്‌കുകൾ ഉണ്ട്.